ജിഎസ്ടി ബില്‍ രാജ്യസഭ പാസാക്കി

Posted on: August 3, 2016 10:06 pm | Last updated: August 4, 2016 at 12:00 pm

GST

എന്താണ് ജി എസ് ടി?
ചരക്ക് സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ദേശീയ വില്‍പ്പന നികുതി കൊണ്ടുവരുന്നതിനുമാണ് ജി എസ് ടി നടപ്പാക്കുന്നത്. ഭരണഘടനയില്‍ ഭേദഗതി വരുത്തി പുതിയ നികുതിഘടന ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്നതാണ് പത്ത് ഭേദഗതി നിര്‍ദേശങ്ങള്‍ അടങ്ങുന്ന ചരക്ക് സേവന നികുതി ബില്ല്. 122ാം ഭരണഘടന ഭേദഗതി ബില്ലാണിത്.
ജി എസ് ടി നിലവില്‍ വരുന്നതോടെ വാറ്റ്, വില്‍പ്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, ലോട്ടറി, ചൂതുകളി, വാതുവെക്കല്‍ തുടങ്ങിയവയിന്മേലുള്ള നികുതികള്‍, സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ച്ചാര്‍ജുകള്‍, നഗര ചുങ്കം എന്നിവ ഇല്ലാതാകും.

ന്യൂഡല്‍ഹി: പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിന് വഴിതുറക്കുന്ന ചരക്ക് സേവന നികുതി (ജി എസ് ടി) ബില്‍ യാഥാര്‍ഥ്യമാകുന്നു. ഇന്നലെ ധനകാര്യമന്ത്രി അവതരിപ്പിച്ച ബില്ലുമായി ബന്ധപ്പെട്ട 122ാം ഭരണഘടന ഭേദഗതിക്ക് രാജ്യസഭ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കി.
ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ രാജ്യസഭ അംഗീകരിച്ചത്. 32 പാര്‍ട്ടികളില്‍ എ ഐ എ ഡി എം കെ മാത്രമാണ് വിട്ടുനിന്നത്. 203 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ആരും എതിര്‍ത്തില്ല. എതിര്‍പ്പുണ്ടെങ്കിലും എ ഐ എ ഡി എം കെയുടെ 13 അംഗങ്ങള്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനോടകം ലോക്‌സഭയില്‍ അവതരിപ്പിച്ചു പാസാക്കിയതാണെങ്കിലും ഭേദഗതികളുണ്ടയതിനാല്‍ ലോക്‌സഭയില്‍ ബില്ല് വീണ്ടും പാസാക്കേണ്ടതുണ്ട്. രാജ്യസഭയിലും ബില്‍ പാസ്സായെങ്കിലും രാജ്യത്തെ പകുതിയിലേറെ സംസ്ഥാന നിയമസഭകളും കൂടി ബില്‍ പാസ്സാക്കണം.
ഭരണഘടനാ ഭേദഗതിയുടെ തുടര്‍ച്ചയായി വരാനിരിക്കുന്ന ചരക്ക് സേവന നികുതി ബില്‍ ധനബില്ലായി അവതരിപ്പിക്കണമെന്നും പരമാവധി നികുതി 18 ശതമാനമാക്കി നിജപ്പെടുത്തണമെന്നുമുള്ള ഉപാധികളോടെയാണ് സുപ്രധാന ഭരണഘടനാ ഭേദഗതിയെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണച്ചത്. രാജ്യത്ത് ഏകീകൃത സാമ്പത്തിക വിപണിയും ഏകീകൃത നികുതി ഘടനയും കൊണ്ടുവരുന്നതിനാണ് പ്രധാനമായും ഈ ഭരണഘടനാ ഭേദഗതിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഈ നിയമ നിര്‍മാണത്തിലൂടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കും വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു നികുതിക്ക് മേല്‍ ഇനി മറ്റൊരു നികുതി പാടില്ല. നിയമി നിര്‍മാണം രാഷ്ര്ടീയ പരിഗണന വെച്ചായിരിക്കരുത് എന്നതുകൊണ്ട് കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ കക്ഷികളുമായും കൂടിയാലോചിച്ചു സമവായത്തിലത്തെിയാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നത്. എന്നാല്‍, നികുതി പരിധി സംബന്ധിച്ചു കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായിട്ടില്ല.
ജി എസ് ടി സംവിധാനം സാധ്യമാക്കാനുള്ള ഭരണഘടനാ ഭേദഗതിയാണ് ഇന്നലെ രാജ്യസഭയിലെത്തിയത്. ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്ന് 60 ദിവസത്തിനുള്ളില്‍ ജി എസ് ടി കൗണ്‍സില്‍ രൂപവത്കരിക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഭണഘടനാ ഭേദഗതിയിലൂടെ സ്ഥാപിതമാകുന്ന ചരക്ക് സേവന നികുതി കൗണ്‍സിലില്‍ കേന്ദ്രത്തെ പോലെ സംസ്ഥാനങ്ങള്‍ക്കും വീറ്റോ അധികാരമുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം തീര്‍ക്കുന്നതിനുള്ള വേദിയൊരുക്കുന്നതും ജി എസ് ടി കൗണ്‍സിലായിരിക്കും. അതിനാല്‍ ഭരണഘടനാഭേദഗതി ഫെഡറല്‍ സംസവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ചില സംസ്ഥാനങ്ങളുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലാകുന്ന മുറക്ക് ജി എസ് ടിക്കായി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമമുണ്ടാക്കാം. ലോക്‌സഭ കഴിഞ്ഞ വര്‍ഷം മേയ് ആറിനു പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ പരിഷ്‌കരിച്ച രൂപത്തിലാണ് രാജ്യസഭയുടെ പരിഗണനക്കെത്തിയത്.
രാജ്യസഭയുടെ സെലക്ട് കമ്മിറ്റി, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി, കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ കക്ഷികള്‍ തുടങ്ങിയവയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബില്ല് പരിഷ്‌കരിച്ചത്.