പ്രതിഷേധങ്ങള്‍ക്കിടെ രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനിലെത്തി

Posted on: August 3, 2016 6:59 pm | Last updated: August 4, 2016 at 9:31 am

rajnath singhഇസ്ലാമാബാദ്: കനത്ത പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനിലെത്തി. ഇസ്ലാമാബാദില്‍ നടക്കുന്ന ഏഴാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ആഭ്യന്തരമന്ത്രി പാക്കിസ്ഥാനിലെത്തിയത്. വൈകീട്ട് നാലുമണിയോടെ ഇസ്ലാമാബാദിലെത്തിയ ആഭ്യന്തരമന്ത്രിയെ സ്വീകരിക്കാന്‍ പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥ തലത്തില്‍ ആരുമെത്തിയില്ല.

രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സ്, ഹിസ്ബുല്‍ മുജാഹിദീന്‍, യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇസ്ലമാബാദിന്റെ പലയിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.

വിഘടനവാദി നേതാവ് യാസിന്‍ മാലികിന്റെ ഭാര്യ മിഷാല്‍ മാലികിന്റെ നേതൃത്വത്തില്‍ മുസഫര്‍ബാദിലെ നാഷണല്‍ പ്രസ് ക്ലബിന് മുന്നില്‍ വന്‍ പ്രക്ഷോഭമാണ് നടന്നത്. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ഇന്ത്യന്‍ പതാക കത്തിക്കുകയും ചെയ്തു. പാക് അധിനിവേശ കശ്മീരിലെ സിവില്‍ സൊസൈറ്റി സംഘടനകളും മറ്റ് മതസംഘടനകളും പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു.