ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ്

Posted on: August 3, 2016 2:42 pm | Last updated: August 3, 2016 at 2:42 pm

DHANESHകൊച്ചി:ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കേസന്വേഷണം അന്തിമഘട്ടത്തിലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.അതേസമയം അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.പ്രഥമദൃഷ്ട്യാ കുറ്റം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധനേഷ് മാത്യു മാഞ്ഞുരാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. പരാതിക്കാരിയുടെ രഹസ്യമൊഴി പുറത്ത് വന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് ധനേഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കൂടാതെ കേസുമായി ബന്ധപ്പെട്ടുളള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പത്തുദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ചതായി ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. എംജി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ഷാജിയാണ് സംഭവം നേരില്‍ കണ്ടത്. ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ചതായി ഷാജി മൊഴി നല്‍കി. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചുവെന്ന മൊഴിയില്‍ പരാതി നല്‍കിയ യുവതി ഉറച്ച് നില്‍ക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥ എറണാകുളം റൂറല്‍ വനിതാ സിഐ രാധാമണിയാണ് വ്യക്തമാക്കിയിരുന്നു.

ധനേഷിന് എതിരായ വാര്‍ത്ത നല്‍കിയതാണ് അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണം. കഴിഞ്ഞ 14ആം തീയതി രാത്രി ഏഴ് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.