Connect with us

Kerala

മാണിയെ കുരുക്കിയത് മുഖ്യമന്ത്രിയാകുമെന്ന ഘട്ടത്തിലെന്ന് പ്രതിച്ഛായ

Published

|

Last Updated

കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച് വീണ്ടും കേരള കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. പി.ടി.ചാക്കോയെ ദ്രോഹിച്ചവര്‍ കെ.എം.മാണിയെ കൊല്ലാക്കൊല ചെയ്യുകയാണെന്നാണ് മുഖമാസികയിലെ ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്. പി.ടി. ചാക്കോയുടെ കാറില്‍ സ്ത്രീ സാന്നിധ്യം ആരോപിച്ചവരുടെ പിന്‍തലമുറക്കാര്‍ മാണിയ്‌ക്കെതിരേ തിരുവനന്തപുരത്തെ ബാര്‍ മുതലാളിയെക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചിരിക്കുകയാണ്. മാണിയെ എല്‍ഡിഎഫ് നേതാക്കള്‍ അഭിനന്ദിച്ചത് ഇവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും “അന്നു പി.റ്റി.ചാക്കോ ഇന്നു കെ.എം.മാണി” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.

പി.ടി.ചാക്കോയെ അകാല മരണത്തിനിരയാക്കിയവര്‍ ശുഭ്രവസ്ത്രധാരികളായ കാട്ടാളന്മാരാണെന്ന് പറഞ്ഞാല്‍ ചരിത്രം അതിന്റെ നേരെ മുഖം തിരിച്ചു നില്ക്കുകയില്ല. ചാക്കോയുടെ ഏറ്റവും അടുത്ത രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കുപോലും അന്നത്തെ ഗൂഢാലോചനയുടെ മുന്‍നിരയില്‍ കസേരയുണ്ടായിരുന്നു എന്നു വെളിപ്പെടുത്തിയത് മറ്റാരുമായിരുന്നില്ല ചാക്കോയ്‌ക്കൊപ്പം കാര്‍യാത്ര ചെയ്ത കെപിസിസി അംഗം പത്മ എസ്. മേനോനായിരുന്നു. ചാക്കോ പര്‍വത്തിന്റെ തിരക്കഥ കേള്‍ക്കുമ്പോള്‍തന്നെ അതു മൂത്ത ശുഭ്രവസ്ത്രധാരികളുടെ കുരുട്ടുബുദ്ധിയില്‍ തെളിഞ്ഞ വിഷയമാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാമെന്നും ലേഖനത്തില്‍ പറയുന്നു.

മാണിക്കുമേല്‍ എല്‍.ഡി.എഫ് ചൊരിഞ്ഞ പ്രശംസാ വചനങ്ങള്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയെന്നും “അന്ന് പി.ടി. ചാക്കോ, ഇന്നു കെ.എം. മാണി” എന്ന തെലക്കെട്ടുളള ലേഖനത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോഴാണ് പി.ടി. ചാക്കോ രാജിവച്ചത്. കെ.എം. മാണിക്കും അതേ അവസ്ഥയില്‍ രാജിവെക്കേണ്ടി വന്നു. ബാര്‍കോഴക്കേസില്‍ കെ.ബാബു അടക്കം മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത് യു.ഡി.എഫിന്റെ കാലത്ത് ആവിയായെങ്കില്‍ മാണിക്കെതിരെ മാത്രം എന്തുകൊണ്ടു കുരുക്ക് മുറുകി എന്ന ചോദ്യമാണ് ലേഖനത്തിലൂടെ കേരള കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സുധീരന്‍ മാത്രമാണ് ആണാണെന്ന് തെളിയിച്ച കോണ്‍ഗ്രസ് നേതാവെന്നും പ്രതിച്ഛായ പറയുന്നു.

ബാര്‍കോഴക്കേസിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് ആരോപിച്ച് പ്രതിച്ഛായയില്‍ അടുത്തിടെ ലേഖനം വന്നിരുന്നു. ബാബു, അടൂര്‍ പ്രകാശ് എന്നിവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും ലേഖനം ആരോപിച്ചിരുന്നു.

കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിടണമെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നും പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞിരുന്നു. ചല്‍കുന്നില്‍ നടക്കാന്‍ പോകുന്ന നേതൃക്യാമ്പിന് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് മാണി ആലോചിക്കുന്നത്. മാണിയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തുണ്‌ടെങ്കിലും അദ്ദേഹം വഴങ്ങാന്‍ തയാറായിട്ടില്ല.

---- facebook comment plugin here -----

Latest