Connect with us

Kasargod

ബിനീഷിന് ഇനി ലണ്ടനില്‍ പഠിക്കാം : പഠനചെലവ് സര്‍ക്കാര്‍ വഹിക്കും

Published

|

Last Updated

തിരുവനന്തപുരം: ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം ലഭിച്ചിട്ടും യാത്ര മുടങ്ങിയ ആദിവാസി യുവാവിന് മന്ത്രി എ കെ ബാലന്‍ തുണയായി. കാസര്‍കോട് 18ാം മൈല്‍ സ്വദേശി ബി ബിനീഷിനാണ് മന്ത്രിയുടെ ഇടപെടല്‍ തുണയായത്. 45 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെയാണ് പ്രവേശനം ലഭിച്ചതെങ്കിലും യാത്രാച്ചെലവിനും ഐഇഎല്‍ടിഎസ് (ഇംഗ്ലീഷ് അഭിരുചി) പരീക്ഷയ്ക്ക് പഠിക്കുന്നതിനും ഒന്നരലക്ഷത്തോളം രൂപ ചെലവുവരുമായിരുന്നു. ഈ തുക കണ്ടെത്താന്‍ കഴിയാതെ ബിനീഷ് സര്‍ക്കാരിനെ സമീപിച്ചു. സെക്രട്ടേറിയറ്റിലെ ഫയലില്‍ കുരുങ്ങി നാളിതുവരെയും തുക ലഭിച്ചില്ല. സപ്തംബറില്‍ ലണ്ടന്‍ സ്‌കൂളില്‍ പ്രവേശനം നേടുകയും അതിനുമുമ്പ് ചെന്നൈയിലെ ബ്രിട്ടിഷ് കൗണ്‍സിലില്‍നിന്ന് ഐഇഎല്‍ടിഎസ് പാസാവുകയും വേണം.

ബിനീഷിന്റെ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയോടെ വിഷയം ഞായറാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെയാണ് മന്ത്രി എ കെ ബാലന്‍ വിഷയത്തില്‍ ഇടപെട്ടത്. ചൊവ്വാഴ്ച ഓഫിസില്‍ എത്തുമെന്നും അന്നു തന്നെ നേരില്‍ കാണാനും മന്ത്രി നിര്‍ദേശം നല്‍കി. ഇന്നലെ ഉച്ചയോടെ മന്ത്രിയെ കാണാന്‍ ബിനീഷെത്തി. ലണ്ടന്‍ സ്‌കൂളിലേക്കുള്ള യാത്രാച്ചെലവ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി ലഭിക്കുന്നില്ലെങ്കില്‍ അതു സര്‍ക്കാര്‍ നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചെന്നൈ ബ്രിട്ടിഷ് കൗണ്‍സിലില്‍ ഐഇഎല്‍ടി കോഴ്‌സിനു വേണ്ട ഫീസും ചെലവും കൂടി 26,500 രൂപയാണു വേണ്ടിയിരുന്നത്. അത് അപ്പോള്‍ തന്നെ പാസാക്കി മന്ത്രി ഫയലില്‍ ഉത്തരവിട്ടു. ചൊവ്വാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായതിനാല്‍ തുക ബിനീഷിന്റെ ബാങ്ക് അക്കൗണ്ടില്‍ ബുധനാഴ്ച തന്നെ നിക്ഷേപിക്കാന്‍ മന്ത്രി തന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ബിനീഷിനോട് ഇന്നുതന്നെ ചെന്നൈയിലേക്ക് പുറപ്പെടാമെന്നും ചെന്നൈയിലെത്തിയാല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കാമെന്നും മന്ത്രി പറഞ്ഞു.

വിദേശ പഠനത്തിന് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 2015 ലെ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് ബിനീഷിന് ലഭിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ പഠനത്തിന് 48 ലക്ഷം രൂപയാണ് ലഭിക്കുക. ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ച 20 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഏക മലയാളിയാണ് ബിനേഷ്. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥിക്ക് പ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നത്. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പഠിച്ചതും ഇവിടെയാണ്. എംഎസ്സി സോഷ്യല്‍ ആന്ത്രാപ്പോളജിക്കാണ് അഡ്മിഷന്‍ ലഭിച്ചത്. ബിനേഷിന്റെ അച്ഛന്‍ ബാലനും, അമ്മ ഗിരിജയും രോഗബാധിതരായതോടെ കൂലിപ്പണി ചെയ്താണ് ബിനേഷ് പഠനത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്.