മാണിയെ അനുനയിപ്പിക്കാന്‍ തീവ്രശ്രമവുമായി കോണ്‍ഗ്രസ്

Posted on: August 3, 2016 9:25 am | Last updated: August 3, 2016 at 9:25 am

CONGRESSതിരുവനന്തപുരം:മനസ്സില്‍ ബി ജെ പി സഖ്യത്തിന്റെ സാധ്യതകള്‍ ആരായുകയാണ് കെ എം മാണി. അതേസമയം മാണിയെ അനുനയിപ്പിക്കുന്നതിനുളള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ കെ എം മാണി ധ്യാനത്തിലാണ്. എന്നാല്‍ മാണി മനസ്സില്‍ കണക്കുകൂട്ടുന്ന ബി ജെ പി ബാന്ധവത്തിന് കൂടെയുളള എം എല്‍ എമാര്‍ പിന്തുണയ്ക്കുമെന്നറിയില്ല. മാണിയെ അനുനയിപ്പിക്കാനുളള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ ഇന്ദിരാ ഭവനില്‍ കൂടിക്കാഴ്ച നടത്തി. മാണിയുമായി ചര്‍ച്ച തുടരുമെന്ന് വി എം സുധീരന്‍ ചര്‍ച്ചയ്്്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാണിയുമായി നല്ല ബന്ധമാണ്. ആവശ്യമെങ്കില്‍ ഹൈക്കമാന്‍ഡ് ഇടപെടും. ചരല്‍ക്കുന്നിലെ നേതൃയോഗത്തില്‍ യു ഡി എഫിന് ദോഷകരമായ തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി മധ്യസ്ഥന്റെ റോളില്‍ ഇടപെടുന്നതിനാണ് തീരുമാനം. എന്തുവില കൊടുത്തും കെ എം മാണിയെ അനുനയിപ്പിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നത് സംബന്ധിച്ചും മൂവരും ചര്‍ച്ച ചെയ്തു.

മാണി കഴിഞ്ഞാല്‍ രണ്ടാമത്തെ നേതാവായ പി ജെ ജോസഫ് ഉള്‍പ്പടെയുളളവര്‍ ബി ജെ പി ബാന്ധവത്തിന് എതിരാണ്. എം എല്‍ എമാരുമായുളള ചര്‍ച്ചയില്‍ മിക്കവരും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു.
എന്നാല്‍ ബി ജെ പിയുമായുളള ബാന്ധവത്തിന് എം എല്‍ എമാരില്‍ കൂടുതല്‍ പേരും എതിരാണ്. മകന്‍ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിനാണ് മാണി ബി ജെ പിയുമായി ബാന്ധവത്തിന് മുതിരുന്നത്. മാത്രമല്ല എന്‍ ഡി എയിലായാല്‍ ഭാവിയില്‍ തനിക്കൊരു ഗവര്‍ണര്‍ സ്ഥാനം ലഭിക്കുമെന്നും മാണി കണക്കുകൂട്ടുന്നു. ഇത് മുന്നില്‍ കണ്ടാണ് യു ഡി എഫ് നേതൃത്വം മാണിയെ അനുനയിപ്പിക്കുന്നതിനുളള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

പി കെ കുഞ്ഞാലിക്കുട്ടിയെയാണ് അനുരഞ്ജനത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ചരല്‍ക്കുന്നില്‍ ആറ,് ഏഴ് തീയതികളില്‍ നടക്കുന്ന നേതൃക്യാമ്പിനു മുന്നോടിയായി മാണിയെ അനുനയിപ്പിക്കുകയാണ് യു ഡി എഫിന്റെ ലക്ഷ്യം. നാലിന് കുഞ്ഞാലിക്കുട്ടി കെ എം മാണിയുമായി ചര്‍ച്ച നടത്തും. അതേസമയം എല്‍ ഡി എഫ് പ്രവേശം മാണിയെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാകും. സി പി ഐ ശക്തമായി മാണിയുടെ എല്‍ ഡി എഫിലേക്കുളള പ്രവേശത്തെ എതിര്‍ക്കും.

മാണി അതും മുന്‍കൂട്ടി കാണുന്നുണ്ട്. അതിനാല്‍ ആ വഴിക്ക് ചിന്തിക്കേണ്ട കാര്യമില്ലെന്ന വികാരമാണ് മാണി ഗ്രൂപ്പിനുളളത്. മാത്രമല്ല ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത് എല്‍ ഡി എഫാണ്. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ രമേശ് ചെന്നിത്തലയുള്‍പ്പടെയുളളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് മാണി ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്ന് പറയുന്ന മാണി ഗ്രൂപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുള്‍പ്പടെ ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാവുകയാണെങ്കില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തണമെന്ന ആവശ്യവുമുന്നയിക്കും.

അല്ലെങ്കില്‍ രമേശ് ചെന്നിത്തലയെ യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമുയര്‍ത്തും. മാണിയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുമോയെന്നത് കണ്ടറിയണം.
പല തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ എം മാണിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാണി സംസാരിക്കുവാന്‍ തയാറായിരുന്നില്ല. നാളെയാണ് രൂഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയുമായും വി എം സുധീരനുമായും ഉമ്മന്‍ചാണ്ടിയുമായും കൂടിക്കാഴ്ച്ച നടത്തുക.