Connect with us

Sports

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു; ഇന്ദര്‍ജിത് സിങ് ഒളിമ്പിക്‌സിനില്ല

Published

|

Last Updated

ന്യൂഡല്‍ഹി: നര്‍സിംഗ് യാദവിന് ലഭിച്ച ഭാഗ്യം ഇന്ദര്‍ജീത് സിംഗിനെ കനിഞ്ഞില്ല. ഉത്തേജക പരിശോധനയിലെ ബി സാംപിള്‍ ഫലവും പോസിറ്റീവായതോടെ ഇന്ദര്‍ജീത് സിംഗിനെ ഇന്ത്യയുടെ ഒളിമ്പിക് സ്‌ക്വാഡില്‍ നിന്ന് പിന്‍വലിച്ചു. ജൂണ്‍ 25ന് സ്വീകരിച്ച എ സാംപിള്‍ പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ദര്‍ജീത് വാര്‍ത്തകളില്‍ നിറഞ്ഞത്. ബി സാംപിള്‍ ഫലം വരുന്നത് വരെ ഇന്ദര്‍ജീതിന്റെ റിയോ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. നാല് വര്‍ഷം വരെ വിലക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. താത്കാലികമായി സസ്‌പെന്‍ഷനിലായ താരത്തിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) യുടെ രണ്ടാമത്തെ കുറ്റപ്പത്ര നോട്ടീസും നല്‍കിയിട്ടുണ്ട്. നാഡയുടെ അച്ചടക്ക സമിതി പാനലിന് മുന്നില്‍ ഹിയറിംഗിന് ഹാജരാകേണ്ടതുണ്ട്. ജൂണ്‍22നാണ് ഇന്ദര്‍ജീത് അവസാനമായി മത്സരിക്കാനിറങ്ങിയത്. അതിന് ശേഷമുള്ള ഡോപ് ടെസ്റ്റിലാണ് പഞ്ചാബ് സ്വദേശി പിടിക്കപ്പെടുന്നത്.
2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവാണ്. ബി സാംപിള്‍ ടെസ്റ്റ് നടത്താന്‍ വ്യാഴാഴ്ചയാണ് ഇന്ദര്‍ജീത് അപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച ഫലം വന്നതോടെ വാഡ കോഡ് പ്രകാരം നാല് വര്‍ഷം വരെ വിലക്ക് ലഭിക്കാവുന്ന കുറ്റമാണ് ഇന്ത്യന്‍താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യക്തമായി.
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നായിരുന്നു നര്‍സിംഗ് യാദവിനെ പോലെ ഇന്ദര്‍ജീത്തിന്റെയും പ്രധാന ആരോപണം. തന്റെ സാംപിളില്‍ അട്ടിമറി നടന്നിട്ടുണ്ട്. താനൊരിക്കലും നിരോധിത മരുന്നത് ഉപയോഗിക്കില്ല. ആരോഗ്യത്തിന് ഹാനികരമായ മരുന്നെന്തിനാണ് ഒരു താരം ശരീരത്തില്‍ കുത്തിവെക്കുന്നത് – ഇന്ദര്‍ജീത് തന്റെ ഭാഗം ന്യായീകരിക്കുന്നു.
നര്‍സിംഗ് യാദവ് ദേശീയ ക്യാമ്പിനുള്ളില്‍ തന്നെയായിരുന്നെങ്കില്‍ ഇന്ദര്‍ജീത് സിംഗ് ക്യാമ്പിന് പുറത്തായിരുന്നു പരിശീലനം നടത്തിയത്. സ്വന്തം നിലക്ക് കോച്ചിനെ നിയമിച്ചായിരുന്നു ഇന്ദര്‍ജീത് ഒളിമ്പിക്‌സിന് തയ്യാറെടുത്തത്.
കഴിഞ്ഞ വര്‍ഷം നിരവധി തവണ ഡോപ് ടെസ്റ്റിന് തയ്യാറായ താരമാണ് ഇന്ദര്‍ജീത്.
വാഡയുടെ കോഡ് പ്രകാരം എവിടെ വെച്ചും ഡോപ് ടെസ്റ്റിന് തയ്യാറായിട്ടുണ്ട്. റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് കൂടിയാണ് ഇന്ദര്‍ജീത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ടോപ് പദ്ധതിയുടെ ആനൂകൂല്യത്തില്‍ യു എസില്‍ പരിശീലനം നടത്തിയിരുന്നു പഞ്ചാബ് താരം.

Latest