Connect with us

Ongoing News

വ്യാജമരുന്ന് വില്‍പ്പന വ്യാപകം:പരിശോധനാ സംവിധാനങ്ങള്‍ അപര്യാപ്തം

Published

|

Last Updated

പാലക്കാട്: പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്ത കാരണം സംസ്ഥാനത്ത് വ്യാജമരുന്ന് വില്‍പ്പന വ്യാപകമാകുന്നു. പനിയില്‍ തുടങ്ങി കൊളസ്‌ട്രോള്‍, പ്രമേഹം, അര്‍ബുദം എന്നിവക്കെല്ലാം ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജന്മാര്‍ വിപണിയില്‍ സജീവമാണ്. നാല് ലക്ഷം വ്യത്യസ്ത ബാച്ച് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കേണ്ടിടത്ത് കേവലം അയ്യായിരം ബാച്ച് മരുന്നുകളുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കപ്പെടുന്നത്. ഇത് കാരണം ഗുണനിലവാരം കുറഞ്ഞതും വ്യാജ മരുന്നുകളും കേരളത്തില്‍ സുലഭമായി വിറ്റഴിക്കുകയാണ്.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നത് കേരളത്തിലാണ്. അയ്യായിരം കോടി രൂപയുടെ മരുന്ന് വിപണിയാണ് കേരളത്തിലേത്. ഒരു വര്‍ഷം സംസ്ഥാനത്തെത്തുന്നത് നാല് ലക്ഷം ബാച്ച് മരുന്നുകളാണ്. എന്നാല്‍, ഇവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംസ്ഥാനത്ത് ആകെയുള്ളത് 48 ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരും തിരുവനന്തപുരത്തും കാക്കനാട്ടുമുള്ള രണ്ട് ലാബുകളും മാത്രം. വിപണിയില്‍ നിന്ന് മരുന്നുകളുടെ സാമ്പിളുകള്‍ വില കൊടുത്ത് വാങ്ങിയാണ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തേണ്ടത്. വില കൂടിയ മരുന്നുകള്‍ വാങ്ങാന്‍ ഒരു മാസം ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിക്കുന്നതാകട്ടെ എഴുനൂറ് രൂപയും. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ കേരളത്തിലെത്തുന്ന മരുന്നുകളില്‍ ഒരു ശതമാനം മാത്രമേ ഗുണനിലവാര പരിശോധനക്ക് വിധേയമാകുന്നുള്ളൂ.
കേന്ദ്ര സര്‍ക്കാര്‍ അവശ്യ മരുന്നുകളുടെ വില ഇടക്കിടെ കുറക്കാറുണ്ടെങ്കിലും കമ്പനികള്‍ ഗുണനിലവാരം കുറച്ച് ലാഭം കൊയ്യുകയാണെന്ന് പരാതിയുണ്ട്. കോന്നി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പരിശോധനാ ലാബുകള്‍ തുടങ്ങുമെന്ന് 2012ല്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കാന്‍ സ്വകാര്യ ആശുപത്രി അധികൃതരും ഡോക്ടര്‍മാരും മരുന്ന് കമ്പനികളില്‍ നിന്ന് മാസംതോറും ലക്ഷങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ കൗണ്‍സിലും ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിയും നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് മരുന്നുകളാണ് കേരളത്തില്‍ ഇങ്ങനെ വിറ്റഴിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് അമ്പത് മുതല്‍ എഴുപത് വരെ ശതമാനം ലാഭവും ഡോക്ടര്‍മാര്‍ക്ക് പണവും വീട്ടുപകരണങ്ങള്‍ മുതല്‍ കാറുകളും വരെ പാരിതോഷികവും നല്‍കിയാണ് വ്യാജ മരുന്ന് കമ്പനികള്‍ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ രോഗികളില്‍ അടിച്ചേല്‍പ്പിക്കുന്നത്. കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന വിവിധതരം പനികളും പ്രമേഹം, മഞ്ഞപ്പിത്തം തുടങ്ങിയവക്കുമുള്ള മരുന്നുകളാണ് വ്യാജ മരുന്ന് കമ്പനികള്‍ സംസ്ഥാനത്ത് ഇങ്ങനെ വ്യാപകമായി വിറ്റഴിക്കുന്നത്.

Latest