എസ് വൈ എസ് തീരദേശ റേഷന്‍ പദ്ധതി ‘സായൂജ്യം’ ബഹുജന സംഗമം നടത്തും

Posted on: August 3, 2016 1:18 am | Last updated: August 3, 2016 at 1:18 am

മലപ്പുറം: എസ് വൈ എസ് ജില്ലാ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തില്‍ തീരദേശ മേഖലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ‘സായൂജ്യം’ ബഹുജന സംഗമങ്ങള്‍ നടത്തും.
കടുത്ത മത്സ്യക്ഷാമവും ട്രോളിംഗ് നിരോധനവും മൂലം പ്രയാസത്തിലായിരുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ആശ്വാസമായി എസ് വൈ എസ് നടപ്പാക്കിയ തീരദേശ റേഷന്‍ പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് ബഹുജന സംഗമങ്ങള്‍ നടത്തുന്നത്. ആയിരത്തി അഞ്ഞൂറ് കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.
സംസ്ഥാന കമ്മിറ്റിയുടെയും സുമനസ്‌കരായ സഹകരണത്തോടെ ട്രോളിംഗ് നിരോധന കാലയളവില്‍ അഞ്ച് ആഴ്ചയിലായി പ്രത്യേകമായി സംവിധാനിച്ച് റേഷന്‍ഷാപ്പിലൂടെ അരിയുള്‍പെടെയുള്ള പലവ്യഞ്ജ നങ്ങളാണ് വിതരണം ചെയ്തത്. വറുതിയുടെ നാളുകള്‍ക്ക് വിടനല്‍കി ചാകരകോളുകള്‍ സമൃതമാകുന്ന സാഹചര്യത്തില്‍ കരുതലോടുകൂടിയുള്ള ജീവിതം ചിട്ടപെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ബോധവത്കരണവും പ്രാര്‍ഥനാ സദസ്സും സംഗമത്തിന്റെ ഭാഗമായി നടക്കും.
അഞ്ചിന് വൈകുന്നേരം മൂനിന് ആനങ്ങാടിയില്‍ തുടങ്ങുന്ന പരിപാടി 3.45ന് പരപ്പനങ്ങാടി, 4.45 താനൂര്‍, 5.45 കൂട്ടായി സംഗമങ്ങള്‍ക്ക് ശേഷം ഏഴിന് പൊന്നാനിയില്‍ സമാപിക്കും.
എസ് വൈ എസ് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.