പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ മന്ത്രിസഭാ അംഗീകാരം

Posted on: August 3, 2016 1:14 am | Last updated: August 3, 2016 at 1:14 am
SHARE

കൊല്‍ക്കത്ത: വടക്കുകിഴക്കന്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നതിന് മമത ബാനര്‍ജി സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളി ഭാഷയില്‍ ബാംഗ എന്നോ ബാംഗ്ലാ എന്നോ പുനര്‍നാമകരണം ചെയ്യുന്നതിന് സംസ്ഥാന മന്ത്രി സഭ തീരുമാനമെടുത്തു.
ഈ മാസം 29, 30 തീയതികളില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചേര്‍ത്ത് പേര് മാറ്റാനുള്ള പ്രമേയം പാസാക്കി പാര്‍ലിമെന്റിന് സമര്‍പ്പിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. അതിന് മുമ്പ് വിഷയം നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാര്‍ലിമെന്റിന്റെ അംഗീകാരം കിട്ടുന്നതോടെ ബംഗാള്‍ എന്ന പേരിലായിരിക്കും പശ്ചിമ ബംഗാള്‍ തുടര്‍ന്ന് അറിയപ്പെടുക.
പാര്‍ലിമെന്റ് സമ്മേളനങ്ങളിലും ദേശീയതലത്തില്‍ നടക്കുന്ന ഉദ്യോഗസ്ഥ യോഗങ്ങളിലും സംസ്ഥാനത്തിന്റെ പേര് പരിഗണിച്ച് ഏറ്റവും അവസാനമാണ് പ്രതിനിധികള്‍ക്ക് നിലവില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല പരിഗണിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 28ാം സ്ഥാനമാണ് പശ്ചിമ ബംഗാളിനുള്ളത്. ബംഗാള്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതോടെ ഈ സ്ഥാനം നാലിലേക്ക് ഉയര്‍ത്തപ്പെടും.
ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള മുന്‍ ഇടത് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പേര് പശ്ചിംബാംഗ എന്നാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും യാഥാര്‍ഥ്യമായില്ല. 1911 വരെ രാജ്യത്തിന്റെ തലസ്ഥാനം കൂടിയായിരുന്ന കല്‍ക്കട്ടയുടെ പേര് 2001ല്‍ ബുദ്ധദേവ് സര്‍ക്കാറാണ് കൊല്‍ക്കത്ത എന്ന് പുനര്‍നാമകരണം ചെയ്തത്.