പ്രതികളെ മൂന്ന് മാസത്തിനകം ശിക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യയെന്ന് ബന്ധുക്കള്‍

Posted on: August 3, 2016 5:13 am | Last updated: August 3, 2016 at 1:13 am

ന്യൂഡല്‍ഹി: പ്രതികള്‍ക്ക് മൂന്ന് മാസത്തിനകം ശിക്ഷ നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ബുലന്ദ്ശഹര്‍ കൂട്ട ബലാത്സംഗക്കേസിലെ അക്രമത്തിന് ഇരയായവരുടെ ബന്ധുക്കള്‍. ‘ഞങ്ങളെ അവര്‍ കൊള്ളയടിച്ചു, മര്‍ദിച്ചു. എന്റെ മകളോട് അവര്‍ എന്തെല്ലാം ചെയ്തുവെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധ്യമല്ല. അവരെ ശിക്ഷിച്ചില്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ല. മൂന്ന് മാസത്തിനകം ഞങ്ങള്‍ ആത്മഹത്യ ചെയ്യും’- പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാബ് ഡ്രൈവറായ ഇദ്ദേഹത്തിന്റെ മകളും ഭാര്യയുമാണ് കൊള്ളക്കാരുടെ ക്രൂരമായ പീഡനത്തിനിരയായത്. നോയിഡയില്‍ നിന്ന് ഷാജഹാന്‍പൂരിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്നു കുടുംബം. എന്‍ എച്ച് 91ല്‍ ബുലന്ദ്ശഹറില്‍ കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാണ് കുടുംബാംഗങ്ങളെ തടഞ്ഞുനിര്‍ത്തി മാതാവിനെയും മകളെയും പിടിച്ചിറക്കി കൊള്ളസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
സംഭവത്തില്‍ നരേഷ്(25), ബാബു (22), റായിസ് (28) എന്നിവരെ പേലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടെ ജില്ലാ എസ് എസ് പി വൈഭവ് കൃഷ്ണയടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതിനിടെ, 13കാരിയുടെ വൈദ്യ പരിശോധന നടത്തിയ ഡോക്ടറെ ദേശീയ വനിതാ കമ്മീഷന്‍ വിളിപ്പിച്ചു. കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും വിലക്ഷണമായ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്. എഫ് ഐ ആറില്‍ പോസ്‌കോ ആക്ട് അനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതില്‍ പോലീസിനെയും കമ്മീഷന്‍ വിമര്‍ശിച്ചു.