ടെക്‌സാസിലെ യൂനിവേഴ്‌സിറ്റിക്കുള്ളില്‍ തോക്കുമായി പ്രവേശിക്കാന്‍ അനുമതി

Posted on: August 3, 2016 5:05 am | Last updated: August 3, 2016 at 1:06 am
SHARE

ഓസ്റ്റിന്‍: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസിലെ യൂനിവേഴ്‌സിറ്റിക്കുള്ളില്‍ തോക്കുമായി പ്രവേശിക്കാന്‍ അനുമതി. തോക്കു കൊണ്ടുവരുന്നതിനുള്ള നിരോധം എടുത്തുകളഞ്ഞ പുതിയ നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലെത്തി. ക്യാമ്പസിനകത്ത് സുരക്ഷ ശക്തിപ്പെടുത്താനെന്ന ന്യായീകരണവുമായാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. ഓസ്റ്റിനിലെ യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ 16 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന്റെ ഓര്‍മ ദിനത്തിലാണ് പുതിയ നിയമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാജ്യത്ത് തോക്കുധാരികളുടെ ആക്രമണം വ്യാപിക്കുന്നതിനിടെയാണ് ക്യാമ്പസിനുള്ളില്‍ ആയുധം കൊണ്ടുവരാനുള്ള വിലക്ക് ഉയര്‍ത്തിയത്.
ടെക്‌സാസ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള മുഴുവന്‍ കോളജ് ക്യാമ്പസുകളിലും നിയമം ബാധകമാണെന്നും ക്യാമ്പസിനകത്തും ക്ലാസ് മുറിയിലും തോക്കുമായി വരുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ടെക്‌സാസിന്റെ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ഗ്രേഗ് അബോട്ടാണ് നിയമം കൊണ്ടുവന്നത്.
പുതിയ നിയമത്തോട് സമ്മിശ്രമായ പ്രതികരണമാണ് വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. റിപ്പബ്ലിക്കന്‍ അനുകൂലികള്‍ സ്വയം രക്ഷയാണെന്ന ന്യായീകരണവുമായി പുതിയ നിയമത്തെ സ്വാഗതം ചെയ്തപ്പോള്‍ ക്യാമ്പസില്‍ ഭീതിതമായ സാഹചര്യമുണ്ടാക്കാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് ഡെമോക്രാറ്റിക് അനുകൂലികള്‍ അഭിപ്രായപ്പെട്ടു. നിയമപാലക, സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി ക്യാമ്പസ് ആക്രമണമുക്തമാക്കുന്നതിന് പകരം കൂടുതല്‍ കലുഷിതമാക്കാനെ ഇത് സഹായിക്കുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂനിവേഴ്‌സിറ്റിയാണ് ടെക്‌സാസ് യൂനിവേഴ്‌സിറ്റി.