സിറിയയിലെ വിമത കേന്ദ്രങ്ങള്‍ക്ക് നേരെ രാസായുധ പ്രയോഗം

Posted on: August 3, 2016 6:00 am | Last updated: August 3, 2016 at 1:05 am
ഇദ്‌ലിബിലെ സറാഖിബിലുണ്ടായ രാസാക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റയാളെ പരിചരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍(വീഡിയോ ദൃശ്യത്തില്‍ നിന്ന്)
ഇദ്‌ലിബിലെ സറാഖിബിലുണ്ടായ രാസാക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റയാളെ പരിചരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍(വീഡിയോ ദൃശ്യത്തില്‍ നിന്ന്)

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ക്ലോറിന്‍ സിലിന്‍ഡറുകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ബാരല്‍ ബോംബുകള്‍ ഇദ്‌ലിബിലെ സറാഖിബില്‍ ഹെലികോപ്ടറില്‍ വര്‍ഷിച്ചതായി വിമതരുടെ നിയന്ത്രണത്തിലുള്ള ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 33 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 18 പേര്‍ സ്ത്രീകളും പത്ത് കുട്ടികളുമാണ്. അര്‍ധരാത്രിക്ക് തൊട്ടുമുമ്പാണ് ഹെലികോപ്ടറുകളില്‍ നിന്ന് രാസായുധ ആക്രമണം ഉണ്ടായത്.
പരുക്ക് പറ്റിയവരുടെ അവസ്ഥകള്‍ പരിശോധിക്കുമ്പോള്‍ ക്ലോറിന്‍ വാതകം ആക്രമണത്തിന് ഉപയോഗിച്ചതായാണ് മനസ്സിലാകുന്നതെന്ന് സിറിയന്‍ സിവില്‍ ഡിഫന്‍സ് വകുപ്പിന്റെ മേധാവി റാഇദ് സ്വലാഹ് പറഞ്ഞു. ശ്വാസംമുട്ട്, ശരീരത്തില്‍ പൊള്ളല്‍, കണ്ണുകള്‍ ചുവന്നിരിക്കുക എന്നീ ലക്ഷണങ്ങള്‍ ആക്രമണത്തിനിരയായവരില്‍ കാണുന്നുണ്ടെന്നും അദ്ദേഹം പഞ്ഞു. നിരവധി പേര്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെയും ഇവര്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളില്‍ നിന്ന് ഓക്‌സിജന്‍ നല്‍കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരുക്ക് പറ്റിയവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതുസംബന്ധിച്ച് റഷ്യയോ സിറിയന്‍ സര്‍ക്കാറോ പ്രതികരിച്ചിട്ടുമില്ല.
ക്ലോറിന്‍ ഗ്യാസ് ഉള്‍ക്കൊള്ളുന്ന ബാരല്‍ ബോംബുകള്‍ ഇതാദ്യമായല്ല സറാഖിബില്‍ പ്രയോഗിക്കുന്നതെന്നും ഇതിന് മുമ്പും സമാനമായ രീതിയില്‍ രാസായുധ പ്രയോഗം നടത്തിയിരുന്നതായും സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ദിവസം വിമതര്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തി അഞ്ച് പേര്‍ കൊല്ലപ്പെടാനിടയായ സംഭവം നടന്നത് സറാഖിബിനടുത്ത് വെച്ചാണ്. റഷ്യന്‍ സൈന്യം സിറിയയില്‍ യുദ്ധം തുടങ്ങിയ ശേഷം അവര്‍ക്കേല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഇതിനുള്ള പ്രതികാര നടപടിയുടെ ഭാഗമായിരിക്കാം ഇന്നലത്തെ ആക്രമണമെന്ന് സന്നദ്ധ സംഘടനകള്‍ വാദിക്കുന്നു. എന്നാല്‍ ഹെലികോപ്ടര്‍ വീഴ്ത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരു സംഘവും മുന്നോട്ടുവന്നിരുന്നില്ല.