വര്‍ധിപ്പിച്ച ശമ്പളം കിട്ടിയില്ല: പ്രതിഷേധവുമായി അങ്കണ്‍വാടി ജീവനക്കാര്‍

Posted on: August 3, 2016 4:01 am | Last updated: August 3, 2016 at 1:02 am
SHARE

തേഞ്ഞിപ്പലം: ശമ്പളം വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അങ്കണ്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ശമ്പള വര്‍ധന നടപ്പായില്ല. ഇതോടെ കടുത്ത പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ അങ്കണ്‍വാടി ജീവനക്കാര്‍.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ശമ്പളം വര്‍ധിപ്പിച്ചതായാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ വര്‍ധിപ്പിച്ച ശമ്പളം ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതായി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ആഗസ്റ്റായിട്ടും ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും രേഖാമൂലം ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ശമ്പള വര്‍ധനവ് ജനുവരി മുതല്‍ ലഭിക്കുമെന്നതില്‍ മാറ്റമുണ്ടെന്നും ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരികയുള്ളൂവെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. നിലവില്‍ 30 വര്‍ഷത്തോളം സര്‍വീസുള്ളവരാണ് സംസ്ഥാനത്തെ ഒട്ടുമിക്ക അങ്കണ്‍വാടികളിലും ജോലി ചെയ്യുന്നത്. ഇവരില്‍ അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് 5,600 രൂപയും വര്‍ക്കര്‍മാര്‍ക്ക് 4,100 രൂപയുമാണ് നിലവില്‍ ശമ്പളമായി ലഭിക്കുന്നത്. ഇതില്‍ 4400 രൂപയുടെ വര്‍ധനവ് വരുത്തി വര്‍ക്കര്‍മാരുടെ ശമ്പളം 10000 രൂപയാക്കുമെന്നും 3100 രൂപ കൂട്ടി ഹെല്‍പ്പര്‍മാരുടെ ശമ്പളം 7200 രൂപയാക്കുെമന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം. വര്‍ധവ് വരുന്ന ശമ്പള തുകയുടെ നിശ്ചിത ശതമാനം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും വര്‍ധിപ്പിച്ച ശമ്പളം ലഭിച്ചിട്ടില്ലെന്ന് അങ്കണ്‍വാടി ജീവനക്കാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ അങ്കണ്‍വാടി ജീവനക്കാര്‍ ഐ സി ഡി എസ് ഓഫീസില്‍ ചേരു പ്രതിമാസ ഏരിയാ മീറ്റിംഗ് ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ അവലോകന യോഗം ബഹിഷ്‌കരിച്ച് അങ്കണ്‍വാടികളില്‍ ജോലി ചെയ്തവരുടെ അന്നത്തെ വേതനം തടയുകയാണുണ്ടായത്.