വിവരങ്ങള്‍ ചോര്‍ത്തി ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Posted on: August 3, 2016 6:00 am | Last updated: August 3, 2016 at 12:56 am

chn credit card crime prathi muhammed sabidകൊച്ചി: ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശി പിടിയില്‍. ചെങ്കള നാലാം മൈല്‍ മിസിറിയ മന്‍സിലില്‍ മുഹമ്മദ് സാബിദിനെ (29) യാണ് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അരലക്ഷം രൂപ വിലയുള്ള സ്വര്‍ണവും, 20,000 രൂപ വിലയുള്ള മൊബൈല്‍ ഫോണുമാണ് ഇയാള്‍ തട്ടിപ്പിലൂടെ വാങ്ങിയത്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സാബിദ് അവിടെനിന്നുള്ള പര്‍ച്ചേസ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. എ ടി എം കാര്‍ഡോ ക്രഡിറ്റ് കാര്‍ഡോ സൈ്വപ് ചെയ്യാന്‍ നല്‍കുമ്പോള്‍ ഇത് സ്‌കിമ്മര്‍ എന്ന ഉപകരണത്തില്‍ ഉപഭോക്താവ് കാണാതെ സൈ്വപ്പ് ചെയ്യും. ഇതോടെ കാര്‍ഡിലെ വിവരങ്ങള്‍ ഈ ഉപകരണത്തില്‍ ശേഖരിക്കപ്പെടും. പിന്‍ നമ്പര്‍ അടക്കമുള്ള ഈ വിവരങ്ങള്‍ പിന്നീട് സ്വന്തം കാര്‍ഡിലേക്ക് പകര്‍ത്തിയ ശേഷം കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയാണ് ചെയ്തത്. എറണാകുളം മേനകയില്‍ രണ്ട് മൊബൈല്‍ കടകളില്‍ സാധനം വാങ്ങാനെത്തിയപ്പോള്‍ സംശയം തോന്നിയ കടയുടമകളാണ് പോലീസിന് വിവരം നല്‍കിയത്. പിന്നീട് സി ഐ ജി. ഡി വിജയകുമാര്‍, എസ് ഐ. വി ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ യഥാര്‍ത്ഥ ഉപകരണത്തില്‍ മാത്രമേ സൈ്വപ്പ് ചെയ്യുന്നുള്ളൂവെന്ന് ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ ലാല്‍ജി അറിയിച്ചു. ബാങ്കില്‍ നിന്ന് നല്‍കുന്ന പിന്‍ നമ്പറുകള്‍ നിരന്തരം മാറ്റണമെന്നും, കാര്‍ഡില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടന്‍ ബേങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.