രാജ്യവ്യാപകമായി മദ്യ നിരോധം പരിഗണനയില്‍ ഇല്ല: കേന്ദ്ര സര്‍ക്കാര്‍

Posted on: August 3, 2016 6:01 am | Last updated: August 3, 2016 at 12:53 am

ന്യൂഡല്‍ഹി: മദ്യനിരോധം രാജ്യവ്യാപകമായി ഏര്‍പ്പെടുത്തുന്നത് തത്കാലം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വേണമെങ്കില്‍ മദ്യനിരോധം ഏര്‍പ്പെടുത്താമെന്നും ഇതിന് കേന്ദ്രം സഹായം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍ ആണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.
വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് 2012-2014 കാലഘട്ടത്തില്‍ 2,927 പേര്‍ മരിച്ചതായും ആഭ്യന്തര സഹമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 2012ല്‍ 731 പേരും 2013ല്‍ 497 പേരും 2014ല്‍ 1,699 പേരുമാണ് വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് മരിച്ചത്. 2014ല്‍ മാത്രം 2.83 കോടി ലിറ്റര്‍ വ്യാജ മദ്യമാണ് എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തത്. ഇതില്‍ 91 ലിറ്റര്‍ നാടന്‍ മദ്യമാണ്. 1.15 കോടി ലീറ്റര്‍ ഫാക്ടറിയില്‍ നിര്‍മിച്ചതും 76 ലക്ഷം ലിറ്റര്‍ മദ്യം മറ്റു രീതിയില്‍ നിര്‍മിച്ചതാണെന്നും വിശദീകരിച്ചു. അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ 1366.35 കിലോ ആംഫെടാമിന്‍, 6.51 കിലോ കൊക്കെയ്ന്‍, 4,811.82 കിലോ എഫെഡ്രൈന്‍, 38,418.89 കിലോ കഞ്ചാവ്, 1,144.12 കിലോ ഹാഷിഷ്, 351.12 കിലോ ഹെറോയിന്‍, 16.57 കിലോ കെറ്റാമിന്‍, 663.15 കിലോ കറുപ്പ്, ഫെന്‍സൈഡിലിന്റെ കഫ് സിറപ്പിന്റെ 2,05,150 കുപ്പികള്‍, 12,903.41 കിലോയുടെ പോപ്പി ഹസ്‌ക്, 34,018.34 കിലോ പോപ്പി സ്‌ട്രോ, 43.75 കിലോ സ്യൂഡോ എഫെഡ്രൈന്‍ എന്നിവ പിടിച്ചെടുത്തതായും മന്ത്രി ലോക്‌സഭയെ അറിയിച്ചു.