വള്ളങ്ങള്‍ തിരമാലയില്‍പ്പെട്ട് തകര്‍ന്നു; കോടികളുടെ നഷ്ടം

Posted on: August 3, 2016 6:18 am | Last updated: August 3, 2016 at 12:22 am

boatഅമ്പലപ്പുഴ: നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ തിരമാലയില്‍പ്പെട്ട് കടലില്‍ ഒഴുകി തകര്‍ന്നു. 20 കോടിയില്‍പ്പരം രൂപയുടെ നഷ്ടം. പുന്നപ്ര ചള്ളികടപ്പുറത്ത് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചള്ളിക്കടപ്പുറത്ത് മത്സ്യബന്ധന വള്ളങ്ങള്‍ നങ്കൂരമിട്ടത്. മത്സ്യബന്ധനത്തിന് ശേഷം കരക്കെത്തിച്ച ഈ വള്ളങ്ങള്‍ രാത്രി 12 മണിയോടെ ആരംഭിച്ച കടല്‍ക്ഷോഭത്തില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. മത്സ്യഫെഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും കണക്കനുസരിച്ച് 27 ഓളം വള്ളങ്ങളാണ് തകര്‍ന്നത്. ചെറുതും വലുതുമായ വള്ളങ്ങള്‍ക്കൊപ്പം ഇവയുടെ എന്‍ജിനുകളും വലകളും മറ്റ് ഉപകരണങ്ങളും തകര്‍ന്നു. പ്രാഥമിക കണക്കനുസരിച്ച് ഏകദേശം 20 കോടിയില്‍പ്പരം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 60 മുതല്‍ 65 ലക്ഷം രൂപ വരെ വിലയുള്ള വലിയ വള്ളങ്ങളും അപകടത്തില്‍ തകര്‍ന്നതാണ് നഷ്ടം ഉയരാന്‍ കാരണമായത്.
രാത്രിയിലാരംഭിച്ച കടലാക്രമണത്തില്‍ ഏകദേശം 300 മീറ്ററോളം കരയിലേക്ക് തിരമാല ഇരച്ചുകയറി. കരയില്‍ ഉണ്ടായിരുന്ന 60 ഓളം വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് കായംകുളത്തു നിന്ന് ഫിഷറീസിന്റെ ബോട്ട് എത്തി അപകടത്തില്‍പ്പെട്ട വള്ളങ്ങള്‍ കരക്കെത്തിക്കാന്‍ ശ്രമമാരംഭിച്ചു.
വള്ളങ്ങളും ജീവനോപാധികളും കടലില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത് മൂലം ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.ഇന്നലെ രാവിലെ 7.45 ഓടെയാണ് ദേശീയപാതയില്‍ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപം എ കെ ഡി എസ് അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ പ്രദീപ്, കരയോഗം സെക്രട്ടറി അഖിലാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറ് കണക്കിന് പേര്‍ കുത്തിയിരുന്നത്. അപകടമുണ്ടായ പുലര്‍ച്ചെ രണ്ട് മുതല്‍ തന്നെ ധീവരസഭാ നേതാക്കള്‍ സഹായമഭ്യര്‍ഥിച്ച് റവന്യു, കോസ്റ്റ്ഗാര്‍ഡ്, തീരദേശ പോലീസ് എന്നിവരെ പലതവണ ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരാരും തന്നെ അപകട സ്ഥലത്തെത്തിയില്ല. അപകടത്തില്‍പ്പെട്ട വള്ളങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക, മത്സ്യത്തൊഴിലാളികള്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ ദേശീയപാത ഉപരോധിച്ചത്. തുടക്കത്തില്‍ ആലപ്പുഴ സൗത്ത് സി ഐ. കെ എന്‍ രാജേഷ്, പുന്നപ്ര എസ് ഐ. ഇ ഡി ബിജു എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഉപരോധത്തില്‍ നിന്ന് പിന്മാറാന്‍ മത്സ്യത്തൊഴിലാളികള്‍ തയാറായില്ല. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ജില്ലാകലക്ടര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പിന്നീട് തഹസീല്‍ദാര്‍ ആശ, ഡിവൈ എസ് പി. എം ഇ ഷാജഹാന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.അപകടത്തില്‍പ്പെട്ട വള്ളങ്ങള്‍ കരക്കെത്തിക്കാന്‍ കായംകുളത്തുനിന്ന് ഫിഷറീസിന്റെ ബോട്ട് എത്തിക്കാമെന്നും മറ്റാവശ്യങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാമെന്നുമുള്ള തഹസീല്‍ദാരുടെ ഉറപ്പിന്മേല്‍ ഒമ്പത് മണിയോടെ ഉപരോധം അവസാനിപ്പിച്ചു. ഉപരോധത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
അമ്പലപ്പുഴ സി ഐ വിശ്വംഭരന്‍, തീരദേശ പോലീസ്‌സ്റ്റേഷന്‍ സി ഐ പ്രദീപ്ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.