Connect with us

Editorial

തിരിച്ചെത്തിച്ചത് കൊണ്ടായില്ല

Published

|

Last Updated

സ്വദേശിവത്കരണവും എണ്ണവിലയിടിവും മൂലം അറബ് നാടുകളില്‍, വിശേഷിച്ച് സഊദിയില്‍ ജോലി നഷ്ടമാകുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പിരിച്ചുവിടുന്ന തൊഴിലാളികള്‍ പലരും മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടപ്പാടിലും ദുരിതത്തിലുമാണ്. സഊദിയിലെ നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സഊദി ഓജര്‍ പിരിച്ചുവിട്ട പതിനായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചു വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അവരെ നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാറും പ്രവാസി സമൂഹവും. മൊബൈല്‍ ഷോപ്പുകളിലെ സ്വദേശിവത്കരണം മൂലം തൊഴില്‍ നഷ്ടമായ ഇന്ത്യക്കാരുടെ എണ്ണവും ആയിരിക്കണക്കിന് വരും. റമസാന്‍ ഒന്ന് മുതലാണ് എണ്ണായിരത്തിലധികം മൊബൈല്‍ ഷോപ്പുകളുള്ള സഊദി മൊബൈല്‍ ഫോണ്‍ വിപണിയില്‍ 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയത്. സമാനസാഹചര്യമാണ് കുവൈത്ത്, ഒമാന്‍ തുടങ്ങിയ ചില അറബ് നാടുകളിലും. ഒമാനിലെ സര്‍ക്കാര്‍ ആശുപത്രകളില്‍ 300 വിദേശി നഴ്‌സുമാര്‍ക്ക് ജൂലൈ അവസാനത്തോടെ ജോലി നഷ്ടമായി. ഇവരില്‍ ഏറെയും മലയാളികളാണ്.
അതിനിടെ, സഊദിയില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനും രാജ്യം വിടുമ്പോള്‍ നികുതി നല്‍കാതെ കൈവശം വെക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കാനും ആലോചനയുണ്ട്. വിദേശികളുടെ വരുമാനം സഊദിയുടെ സമ്പദ്‌വ്യവസ്ഥക്ക് ഗൂണകരമാകുന്ന വിധത്തില്‍ അവിടെ തന്നെ ചെലവഴിക്കാനും നിക്ഷേപിക്കാനും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ചു സമര്‍പ്പിച്ച കരട് പ്രമേയം ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലാണ്. കൗണ്‍സില്‍ ഇത് അംഗീകരിച്ചാല്‍ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് ആദ്യവര്‍ഷം ആറ് ശതമാനം നികുതി നല്‍കേണ്ടിവരും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്രമാനുഗതമായി നികുതി കുറച്ചു അഞ്ച് വര്‍ഷത്തിന് ശേഷം രണ്ട് ശതമാനമായി നിജപ്പെടുത്താനാണ് നിര്‍ദേശം. അറബ്‌നാടുകളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണത്തിന് ഒഴുക്ക് വന്‍തോതില്‍ കുറയാന്‍ ഇത് ഇടയാക്കും.
എണ്ണവിലയിടിവ് മൂലം നിര്‍മാണ മേഖലയിലുണ്ടായ മാന്ദ്യമാണ് ഓജര്‍ കമ്പനിയിലെ കൂട്ടപിരിച്ചു വിടലിന് ഇടയാക്കിയത്. ഏഴ് മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. തൊഴിലാളികള്‍ ഇക്കാര്യം മാസങ്ങള്‍ക്ക് മുമ്പേ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയും പ്രശ്‌നപരിഹാരത്തിന് ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ അധികൃതര്‍ ഉറക്കം നടിക്കുകയായിരുന്നു. പ്രതിഷേധവുമായി തൊഴിലാളികള്‍ ജിദ്ദിയിലെ തെരുവിലിറങ്ങുകയും പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് കേന്ദ്രം ഇടപെടാന്‍ നിര്‍ബന്ധിതമായതും കോണ്‍സുലേറ്റ് ഉറക്കമുണര്‍ന്നതും. തൊഴിലാളികള്‍ സഊദിയിലെ പ്രവാസി സമൂഹത്തിന്റെ കാരുണ്യം കൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. ഇപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ട സര്‍ക്കാര്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അതുകൊണ്ട് മാത്രമായില്ല, കമ്പനിയില്‍ നിന്ന് കിട്ടാനുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭ്യമാക്കുക കൂടി വേണം. കമ്പനിയില്‍ നിന്ന് ഒഴിവായിട്ട് മാസങ്ങളായിട്ടും ശമ്പളവും ആനുകൂല്യങ്ങളും പ്രതീക്ഷിച്ചാണ് തൊഴിലാളികള്‍ അവിടെ തങ്ങിയത്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകയില്‍ കമ്പനിക്ക് സഊദി ഭരണകൂടം വലിയൊരു തുക നല്‍കാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയാല്‍ തൊഴിലാളികളുടെ ആനുകുല്യങ്ങള്‍ അതില്‍ നിന്ന് ലഭ്യമാക്കാകുന്നതാണ്.
ഒരു ഭാഗത്ത് സ്വദേശിവത്കരണം ഊര്‍ജിതമാക്കുമ്പോള്‍ സഊദിയിലെ ടൂറിസം മേഖലകളിലും മറ്റും തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. മക്കയിലും മദീനയിലും വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. എണ്ണ വില ഇടിഞ്ഞതോടെ രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ ടുറിസം മേഖലയിലാണ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ഇവിടെ ടൂറിസം മേഖലയില്‍ നേരിട്ട് ജോലി ചെയ്യുന്നവരുടെ എണ്ണം എട്ട് ലക്ഷത്തോളവും പരോക്ഷമായി ജോലി ചെയ്യുന്നവര്‍ നാല് ലക്ഷത്തോളവുമാണ്. ഇവരില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരാണ്. ടൂറിസം പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തൊഴിലവസരങ്ങള്‍ 18 ലക്ഷമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ തൊഴില്‍ വര്‍ധന ഇന്ത്യക്കാര്‍ക്ക് പ്രയോജനകരമാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നവരെ തിരിച്ചെത്തിക്കുക മാത്രമല്ല സര്‍ക്കാറിന്റെ ബാധ്യത. തൊഴില്‍ രഹിതര്‍ക്കായി രാജ്യത്ത് പുതിയ തൊഴില്‍ സൃഷ്ടിക്കുകയോ വിദേശങ്ങളിലെ തൊഴിലവസരങ്ങള്‍ നേടിക്കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതും ബാധ്യതയാണ്. പ്രധാനമന്ത്രി നിരന്തരം നടത്തുന്ന വിദേശയാത്രകള്‍ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ലാതെ ഇന്ത്യന്‍ സമൂഹത്തിന് ഉപകാരപ്രദമാകുന്നില്ലെന്ന് പരാതിയുണ്ട്.

Latest