Connect with us

Gulf

കേന്ദ്രമന്ത്രി വി.കെ സിംഗ് സൗദിയില്‍: പ്രതീക്ഷാ പൂര്‍വ്വം ഇന്ത്യക്കാര്‍

Published

|

Last Updated

ജിദ്ദ/ റിയാദ്: സഊദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ജിദ്ദയിലെത്തി. സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതിനിധികളുമായും തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരുമായും വി കെ സിംഗ് ചര്‍ച്ച നടത്തും. തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കുക, എക്‌സിറ്റ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുക എന്നീ കാര്യങ്ങളായിരിക്കും പ്രധാനമായും ചര്‍ച്ചയില്‍ ഉന്നയിക്കുക. വിവിധ ലേബര്‍ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിക്കും.
ജിദ്ദയിലും മക്കയിലും ത്വായിഫിലുമായി ആറ് ലേബര്‍ ക്യാമ്പുകളിലായി 2,450 ഇന്ത്യക്കാരാണ് ദുരിതമനുഭവിക്കുന്നത്. കൂടാതെ റിയാദിലും ദമാമിലുമായി 4,600 ഇന്ത്യക്കാരും ലേബര്‍ ക്യാമ്പുകളിലുണ്ട്. കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സമൂഹം നോക്കിക്കാണുന്നത്. എക്‌സിറ്റ് പെര്‍മിറ്റിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് സഊദി അധികൃതര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ശമ്പളവും ആനുകൂല്യങ്ങളും നേടിക്കൊടുക്കുന്ന വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു. നാട്ടിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. സഊദിയില്‍ തുടരാന്‍ താത്പര്യമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനും സൗകര്യം ഒരുക്കും.
അതിനിടെ, തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സഊദി ഓജര്‍ കമ്പനിക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. കമ്പനിക്കുള്ള സേവനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍ത്തിവെച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളും മരവിപ്പിച്ചിട്ടുണ്ട്. കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, സഊദി അറേബ്യയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ശേഖരിച്ചുതുടങ്ങി. സഊദിയില്‍ കമ്പനികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിന് മലയാളികളാണ് തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായത്. ജനുവരി മുതല്‍ ഏഴ് മാസത്തെ ശമ്പള കുടിശ്ശികയാണ് ലഭിക്കാനുള്ളത്. വര്‍ഷങ്ങളായി കമ്പനിയില്‍ ജോലിനോക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് റിയാല്‍ സര്‍വീസ് തുകയായും ലഭിക്കാനുണ്ട്. അത് എപ്പോള്‍ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. കമ്പനിയില്‍ നിന്ന് രാജിവെച്ചിട്ടും നാട്ടില്‍ പോകാതെ ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണ്.
ഇതെല്ലാം ഒഴിവാക്കിയുള്ള ഒരു പരിഹാരം തങ്ങള്‍ക്കു വേണ്ടെന്ന നിലപാടിലാണ് തൊഴിലാളികള്‍. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
നിര്‍മാണ മേഖലയിലാണ് കനത്ത തൊഴില്‍ നഷ്ടമുണ്ടായത്. സന്നദ്ധസംഘടനകളും കോണ്‍സുലേറ്റും സഹകരിച്ച് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെ ക്യാമ്പുകളിലെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസുകള്‍ അടച്ചു.
ജിദ്ദയിലെ ചര്‍ച്ചകള്‍ക്കു ശേഷം വി കെ സിംഗ് റിയാദിലേക്കു തിരിക്കും.

Latest