ലോക ലെഷ്യര്‍ ടൂറിസം; ഇനി യു എ ഇയുടെ കൈകളില്‍

Posted on: August 2, 2016 10:32 pm | Last updated: August 3, 2016 at 7:52 pm
മോഷന്‍ ഗേറ്റ്‌
മോഷന്‍ ഗേറ്റ്‌

രാജ്യം ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നതായി പഠനങ്ങള്‍. 2020ഓടെ മധ്യപൗരസ്ത്യ ദേശത്തെ 90 ശതമാനം ടൂറിസ സംരംഭങ്ങളും യു എ ഇയില്‍ നിന്നാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും ലോകത്താകമാനം ശൃംഖലകളുള്ളതുമായ ടീം ലെഷ്യര്‍ എന്‍ എല്‍ സി യാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഈ വര്‍ഷാവസാനത്തോടെ യു എ ഇയില്‍ 15ഓളം പ്രധാനപ്പെട്ട ഒഴിവുകാല വിശ്രമ-വിനോദ കേന്ദ്രങ്ങളാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒട്ടനവധി സംരംഭങ്ങളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ അതിപ്രധാനമായ സ്ഥാനമാണ് യു എ ഇക്ക് നേടിയെടുക്കാന്‍ കഴിയുക. ടീം ലഷ്യര്‍ കമ്പനി ഡയറക്ടര്‍ ഫില്‍ ടയ്‌ലര്‍ അഭിപ്രായപ്പെട്ടു. 2016ല്‍ മാത്രം നാല് പ്രധാനമായ തീം പാര്‍ക് പദ്ധതികളാണ് യു എ ഇയില്‍ വിശിഷ്യാ ദുബൈയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഐ എം ജി തീം പാര്‍ക് (ആഗസ്റ്റ്), മോഷന്‍ ഗേറ്റ്, ബോളിവുഡ് ആന്‍ഡ് ലിഗോ ലാന്റ്, ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് (ഒക്‌ടോബര്‍) എന്നിവയാണ് ഈ വര്‍ഷാവസാനത്തോടെ ലോകസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകുവാന്‍ തയ്യാറെടുക്കുന്ന യു എ ഇയുടെ വ്യത്യസ്ത പദ്ധതികള്‍. ഇതോടൊപ്പം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യു എ ഇയിലെ ഹോട്ടല്‍

ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്
ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്

വ്യവസായവും ആഗോളതലത്തില്‍ അസൂയാവഹമായ വളര്‍ച്ച കൈവരിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം സെപ്തംബറില്‍ ദുബൈയില്‍ നടക്കുന്ന 4-ാമത് വിഷന്‍ കോണ്‍ഫറന്‍സില്‍ ടീം ലെഷ്യര്‍ ‘യു എ ഇ തീം പാര്‍ക് ടൂറിസം; സിംഗപ്പൂര്‍ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള പ്രചോദന വഴികള്‍’ എന്ന ശീര്‍ഷകത്തില്‍ യു എ ഇയുടെ വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് അവതരണം നടത്തുന്നുണ്ട്.
ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ഒര്‍ലാന്‍ഡോ എന്നിവിടങ്ങളിലെ ഗോള്‍ഡ് കോസ്റ്റ് പദ്ധതികള്‍ ആഗോളാടിസ്ഥാനത്തില്‍ ഏറെ ശ്രദ്ധേയമാണ്. ഇവയുടെ വളര്‍ച്ചാ ഘട്ടങ്ങളിലെ പാഠങ്ങള്‍ യു എ ഇക്ക് ഒട്ടനവധി മാതൃകയാണ് നല്‍കുന്നത്. അവയുടേതിന് സമാനമായ രീതിയിലും സവിശേഷതയിലും യു എ ഇ പദ്ധതികള്‍ മികച്ചു നിന്നാല്‍ ലോകശ്രദ്ധ യു എ ഇയിലേക്ക് തിരിയുമെന്നതിന് സംശയമില്ല. നിലവില്‍ യു എ ഇയില്‍ സവിശേഷമായ ജീവിത രീതിയും ലോകോത്തരമായി കിട പിടിക്കുന്ന മെച്ചപ്പെട്ട സൗകര്യങ്ങളുമാണുള്ളത്. വരും വര്‍ഷങ്ങളില്‍ ലോകവിനോദ സഞ്ചാരികളുടെ മനസ്സറിഞ്ഞ് ആതിഥേയത്വം വഹിക്കാന്‍ യു എ ഇ കൂടുതല്‍ തയ്യാറെടുക്കുന്നതായാണ് യു എ ഇയുടെ ചലനങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ മനസിലാകുന്നത്. യു എ ഇയുടെ ഈ ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയാല്‍ നിസംശയം വിനോദ സഞ്ചാര മേഖലയില്‍ രാജ്യത്തിന്റെ ഖ്യാതി ലോകത്തിന്റെ നെറുകയിലെത്തും. ടയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌പെയിനിലെ പോര്‍ട് അവന്റ തീം പാര്‍ക്, ദി ലണ്ടന്‍ ഐ, സ്‌കൈ ദുബൈ തുടങ്ങി വിശ്വപ്രസിദ്ധമായ വിവിധ സംരംഭങ്ങളുടെ നടത്തിപ്പുകാരാണ് ടീ ലെഷ്യര്‍ എല്‍ എല്‍ സി. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൈ ദുബൈ എട്ട് ലക്ഷം സന്ദര്‍ശകരെയാണ് വര്‍ഷാവര്‍ഷം ആകര്‍ഷിക്കുന്നത്. ആഗോളതലത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച ഈ പദ്ധതി തീം എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡിന് ഇതിന്റെ സവിശേഷമായ പ്രവര്‍ത്തന രീതിയിലൂടെ അര്‍ഹത നേടിയിരുന്നു.