സോണിയഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം: യു.പി റോഡ് ഷോ വെട്ടിച്ചുരുക്കി

Posted on: August 2, 2016 8:21 pm | Last updated: August 2, 2016 at 9:21 pm

soniaവാരാണസി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് സോണിയാ ഗാന്ധി നടത്തിയ റോഡ് ഷോ വെട്ടിച്ചുരുക്കി.കടുത്ത പനിയെ തുടര്‍ന്നാണ് വാരാണസിയിലെ റോഡ് ഷോ പാതിവഴിയില്‍ സോണിയാഗാന്ധി ഉപേക്ഷിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിലും സോണിയ ഗാന്ധി ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നുമാണ് ഉത്തര്‍പ്രദേശ് പിടിക്കാനുള്ള ശ്രമത്തിന് സോണിയാ ഗാന്ധി തുടക്കമിട്ടത്.അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു റോഡ് ഷോയുടെ തുടക്കം.വാരാണസിയില്‍ നടന്ന റോഡ്‌ഷോയില്‍ പതിനായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയയെ അനുഗമിച്ചു.
പൊതു വേദിയിലെ പ്രസംഗം ഉപേക്ഷിച്ച് തന്റെ വാഹനത്തില്‍ നിന്ന് കൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്ത് കൊണ്ടായിരുന്നു സോണിയയുടെ റോഡ് ഷോ.എന്നാല്‍ റോഡ് ഷോ പകുതി ദൂരം പിന്നിട്ടപ്പോള്‍ സോണിയാഗാന്ധിക്ക് ശാരിരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ഉണ്ടാക്കിയ വിഷമതകളും കടുത്ത ചൂടും സോണിയ ഗാന്ധിയെ തളര്‍ത്തി. പനിയും ജലദോഷവും ഉണ്ടായിട്ടും വാരാണസി റാലിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു സോണിയയുടെ തീരുമാനം.എന്നാല്‍ ഡോക്ടര്‍മാരുടെയും പാര്‍ട്ടി നേതാക്കളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സോണിയ റോഡ്‌ഷോ വെട്ടിച്ചുരുക്കുകയായിരുന്നു.