Connect with us

Kerala

ഇരുമ്പയിര്‍ ഖനന നീക്കം: പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

പേരാമ്പ്ര: ചക്കിട്ടപാറയിലെ ഇരുമ്പയിര്യഖനന നീക്കം പ്രകൃതിയേയും പരിസ്ഥിതിയേയും നശിപ്പിക്കുമെന്നും, ഖനനാനുമതി നല്‍കാന്‍ തയ്യാറാകുന്ന പക്ഷം ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പയ്യാനകോട്ടയില്‍ ഖനനത്തിനുള്ള നീക്കം നടത്തുന്ന ഭൂപ്രദേശം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായി രുന്നു അദ്ദേഹം. വന്‍കിട മൂലധനശക്തികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അടിയറവ് പറയുന്ന ദയനീയ ചിത്രമാണ് ഇവിടെ കാണാന്‍ കഴിയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി മനോഹരമായ സ്ഥലം വില്‍പ്പന ചരക്കാക്കി പ്രകൃതിയെയും പരിസ്ഥിതിയെയും ജലസ്രോതസ്സുകളെയും നശിപ്പിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം അപകടകരമാണ. അതിജീവനത്തിന് വേണ്ടിയുള്ള സമരമാണ് ഇവിടെ നടക്കുന്നത്.ഖനനം നടന്നാല്‍ വനഭൂമി മരുഭുമിയായി മാറുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഗാഡ്ഗില്‍, സുഗതകു മാരി ഉള്‍പ്പെടെയുള്ള പ്രമുഖരുമായി സംസാരിച്ച് കൊടിയുടെ നിറം നോക്കാതെ അണിനിരത്തി സമരം ലക്ഷ്യം കാണുമെന്നും അതിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.പി പ്രകാശ് ബാബു എന്നിവരും മേഖലാ ഭാരവാഹികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ചക്കിട്ടപാറ പഞ്ചായത്തില്‍ മലബാര്‍ വന്യജീവി സങ്കേതം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കാന്‍ ഗൂഢശ്രമം നടക്കുന്നതായി നൊച്ചാട് പഞ്ചായത്ത് ലീഗ് കമ്മറ്റി ആരോപിച്ചു. ഖനന നീക്കമുപേക്ഷിക്കണമെന്നും, കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് ഖനനം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം വരും തലമുറ മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്നും യോഗം അഭിപ്രായപ്പെട്ടു.എന്‍.കെ.അസീസ് അധ്യക്ഷത വഹിച്ചു. ആര്‍.കെ.മുനീര്‍, റസാഖ് വാളൂര്‍, പി.ഹാരിസ്, മൂസ കോത്ത മ്പ്ര, ഗഫൂര്‍ വാലക്കോട് സംബന്ധിച്ചു.
ഇരുമ്പയര്‍ ഖനന നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് മുതുകാട് മേഖലാ കോണ്‍ഗ്രസ് കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഏതാനും ചിലര്‍ മുതുകാട് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇവരുടെ ശ്രമം ജനം തിരിച്ചറിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയില്‍ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജയിംസ് മാത്യം അധ്യക്ഷത വഹിച്ചു.