ഖത്വറില്‍ 1000 പുതിയ സ്‌കൂളുകള്‍ ആവശ്യം വരുമെന്ന് പഠന റിപ്പോര്‍ട്ട്

Posted on: August 2, 2016 7:37 pm | Last updated: August 2, 2016 at 7:37 pm

ദോഹ : നാലു വര്‍ഷത്തിനിടെ ഖത്വറില്‍ 1,107 പുതിയ സ്‌കൂളുകള്‍ ആവശ്യം വരുമെന്ന് പഠനം. ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി അര ലക്ഷം പുതിയ വിദ്യാലയങ്ങള്‍ ആവശ്യം വരുന്ന രീതിയില്‍ ജനസംഖ്യയും വിദ്യാഭ്യാസ രംഗവും വികസിച്ചു വരുന്നുവെന്ന് ദി ഇന്റര്‍നാഷനല്‍ ആന്‍ഡ് പ്രൈവറ്റ് സ്‌കൂള്‍സ് എജുക്കേഷന്‍ ഫോറം (ഐ പി എസ് ഇ എഫ്) നടത്തിയ പഠനമാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ ആവശ്യം നേരിടുന്നതിന് ഗള്‍ഫ് നാടുകളില്‍ തയാറെടുപ്പുണ്ടാകണമെന്നാണ് ഫോറം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ഗള്‍ഫിലെ ആകെ വിദ്യാര്‍ഥി സംഖ്യ 12.6 ദശലക്ഷമായിരുന്നു. എന്നാല്‍ ഇത് 2020ല്‍ 15 ദശലക്ഷമായി ഉയരുമെന്നാണ് ഫോറം കണ്ടെത്തുന്നത്. റിസര്‍ച്ച് സ്ഥാപനമായ ആല്‍ഫന്‍ കാപിറ്റലിന്റെ പുതിയ ജി സി സി എജുക്കേഷന്‍ ഇന്‍ഡസ്ട്രി റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്. ലഭ്യായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തല്‍ ഗള്‍ഫില്‍ 2020ഓടെ 51,000 പുതിയ സ്‌കൂളുകള്‍ ആവശ്യം വരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നതെന്ന് ഫോറം കോ ഫൗണ്ടര്‍ റോണ ഗ്രീന്‍ഹില്‍ പറഞ്ഞു. എങ്കില്‍ മാത്രമേ വര്‍ധിച്ചു വരുന്ന ആവശ്യം പരഹരിക്കാന്‍ സാധിക്കൂ.
നിലവിലെ കണക്കുകള്‍ അനുസരിച്ചു തന്നെ 7,000ലധികം സ്‌കൂളുകള്‍ ഗല്‍ഫില്‍ ആവശ്യമുണ്ട്. 41,678 പതിയ സ്‌കൂളുകള്‍ 2020 ആകുമ്പോഴേക്കും ജി സി സി രാജ്യങ്ങളില്‍ സ്ഥാപിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 9,301 സ്‌കൂളുകള്‍ സ്വകാര്യ മേഖലയിലായിരിക്കും. അതേസമയം, 44,441 പുതിയ സ്‌കൂളുകള്‍ സഊദി അറേബ്യയില്‍ സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനില്‍ 2054, കുവൈത്തില്‍ 1,497, യു എ ഇയില്‍ 1,406, ഖത്വറില്‍ 1,107, ബഹ്‌റൈനില്‍ 503 സ്‌കൂളുകള്‍ വീതവും സൃഷ്ടിക്കപ്പെടുമെന്നാണ് ആല്‍ഫന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്.
ഗള്‍ഫ് നാടുകളില്‍ 5000 കോടി ഡോളര്‍ ചെലവു വരുന്ന 500 വിദ്യാഭ്യാസ പദ്ധതികള്‍ വികസിപ്പിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കുന്നതിന് ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ സാവകാശമെങ്കിലും വേണ്ടി വരുമെന്ന് ദയ്‌മെര്‍ ഗ്രൂപ്പ് എജുക്കേഷന്‍ കണ്‍സള്‍ട്ടന്റ് മാര്‍ക്ക് റൈഡര്‍ പറയുന്നു. അംഗീകാരത്തിനു ശേഷം സ്വാഭാവിക രീതിയിലുള്ള നിര്‍മാണത്തിന് 14 മാസത്തെ സമയവും വേണം. ഗള്‍ഫിലെ എല്ലാ രാജ്യത്തും അടുത്ത അധ്യയന വര്‍ഷങ്ങളില്‍ പുതിയ സ്‌കൂളുകള്‍ തുറക്കുന്നതിന് തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്വറില്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ അഭാവത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ മക്കള്‍ക്ക് പ്രവേശനം ലഭിക്കാന്‍ പ്രായസപ്പെട്ടിരുന്നു. പല കോണുകളില്‍നിന്നാണ് കമ്യൂണിറ്റി സ്‌കൂള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകളും ഉയര്‍ന്നു. സ്‌കൂള്‍ പ്രവേശന പ്രശ്‌നം സംബന്ധിച്ച് ഇന്ത്യന്‍ മീഡിയ ഫോറം സാമൂഹിക പ്രതിനിധികളെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്ന് സീറ്റ് കിട്ടാന്‍ പ്രയാസപ്പെടുന്നവരുടെ ഏകീകൃത രജിസ്‌ട്രേഷന് ഐ സി സി രംഗത്തു വന്നിരുന്നു.