വാഹനാപകടങ്ങള്‍ക്കും മെത്രാഷ് സഹായം; പോലീസിനെ വിളിക്കാതെ റിപ്പോര്‍ട്ട് അയക്കാം

Posted on: August 2, 2016 7:24 pm | Last updated: August 2, 2016 at 7:24 pm

moi metrash 2ദോഹ: ചെറിയ വാഹനാപകടങ്ങളുണ്ടായാല്‍ പോലീസിനെ വിളിക്കാതെ തന്നെ ചിത്ര സഹിതമുള്ള റിപ്പോര്‍ട്ട് മൊബൈല്‍ ആപ്പ് വഴി അയച്ചു കൊടുത്ത് വാഹനമെടുത്തു പോകാം. പോലീസ് വരുന്നതു വരെ കാത്തു നിന്ന് ഗതാഗത തടസവും സമയനഷ്ടവും സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം മെത്രാഷ് 2 ആപ്പിലൂടെയാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്.
അപകടമുണ്ടായാല്‍ പോലീസ് എത്തുന്നതു വരെ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസത്തിനിടയാക്കുന്ന സാഹചര്യം പരിഗണിച്ചാണ് സേവനം അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപടകടം നടന്ന സ്ഥലവും അപകടത്തിന്റെ ദൃശ്യങ്ങളും മൊബൈല്‍ ഫോണിലെ മെത്രാഷ് 2 ആപ്പു വഴി ട്രാഫിക് വിഭാഗത്തിന് അയച്ചുകൊടുത്താണ് നടപടി പൂര്‍ത്തിയാക്കേണ്ടതെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖാരിജ് വിശദീകരിച്ചു. മൊബൈല്‍ ഫോണിലെ ലൊക്കേഷന്‍ സെറ്റിംഗ്‌സ് ഓണ്‍ ചെയ്ത ശേഷം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കാണുന്ന വിധത്തിലുള്ള നാല് ചിത്രങ്ങളും വാഹനങ്ങള്‍ ഓടിച്ചിരുന്നവരുടെ ഖത്വര്‍ ഐഡിയും മെത്രാഷ് ആപ്പിലെ ‘ട്രാഫിക് സര്‍വീസസ്’ മെനുവിലുള്ള ‘ആക്‌സിഡന്റ് റിപ്പോര്‍ട്ട്’ മെനുവഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഈ വിവരങ്ങള്‍ നല്‍കിയാല്‍ ഇരു കക്ഷികളുടെയും മൊബൈല്‍ ഫോണിലേക്ക് ട്രാഫിക് വിഭാഗത്തില്‍നിന്നുള്ള സ്ഥിരീകരണ സന്ദേശം ലഭിക്കും. തുടര്‍ന്ന് നേരത്തെ നല്‍കിയ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ച ശേഷം രണ്ടു പേരുടെയും മൊബൈല്‍ ഫോണുകളിലേക്ക് അപകടവുമായി ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ സന്ദേശമായി അയക്കും. ഈ നമ്പരുമായി വാഹന ഉടമകള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനികളെ സമീപിക്കാവുന്നതാണ്.
ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ നമ്പര്‍ നല്‍കിയാല്‍ അപകടവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പ്രിന്റ് ചെയ്‌തെടുക്കാനും കഴിയും. ഗതാഗത തടസം ഒഴിവാക്കുന്നതോടൊപ്പം നടപടി ക്രമങ്ങളിലെ കാല താമസം ഇല്ലാതാക്കാനും ഇതു വഴി കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, വലിയ വാഹനാപകടങ്ങളുണ്ടായാല്‍ പോലീസ് എത്തിയ ശേഷമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. പോലീസിന്റെ അഭാവത്തില്‍ അപകടത്തില്‍ പെട്ട വാഹനങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുമ്പോള്‍ മറ്റു വാഹനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഖത്വര്‍ നിയമപ്രകാരം അപകടം നടന്ന് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ 1000 റിയാല്‍ പിഴ അടക്കണം. നിലവില്‍ മെത്രാഷ് വഴി നൂറിലധികം സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. റെസിഡന്‍സ് പെര്‍മിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് മെത്രാഷ് ഉപയോഗിക്കാം. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉറുദു, മലയാളം ഭാഷകളില്‍ മെത്രാഷ് ആപ് ലഭ്യമാക്കിയിട്ടുണ്ട്.