Connect with us

Gulf

ഷാര്‍ജ വിമാനത്താവളത്തില്‍ യാത്രക്കാര്‍ വര്‍ധിച്ചു

Published

|

Last Updated

ഷാര്‍ജ: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 53.5 ലക്ഷം യാത്രക്കാര്‍. 11.5 ശതമാനമാണ് യാത്രക്കാരുടെ വര്‍ധനവിന്റെ തോത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 47.9 ലക്ഷം യാത്രക്കാരാണ് ഷാര്‍ജ വിമാനത്താവളത്തിലൂടെ വിദേശങ്ങളിലേക്ക് പറന്നത്.

വിമാന സര്‍വീസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയത്. 5.74 ശതമാനം വളര്‍ച്ചയില്‍ 36,237 സര്‍വീസുകള്‍ ഈ കാലയളവില്‍ നടത്തി. 92,000 ടണ്‍ കാര്‍ഗോ വസ്തുക്കളാണ് കാലയളവില്‍ കയറ്റി അയക്കപ്പെട്ടത്.

എയര്‍ അറേബ്യയുടെ പുതിയ സര്‍വീസുകളും മികവുറ്റ സേവനങ്ങളിലൂടെയാണ് കൂടുതല്‍ യാത്രക്കാരെ വിമാനത്താവളം ഉപയോഗിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് ഷാര്‍ജ വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ അലി സാലിം അല്‍ മിദ്ഫ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരവും മികവുറ്റതുമായ സേവനങ്ങളും സവിശേഷമായ എയര്‍പോര്‍ട് സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ കൂടുതല്‍ യാത്രികരെ ആകര്‍ഷിക്കാന്‍ സാധിച്ചു.

മികവുറ്റ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതോടെ ഭാവിയില്‍ മേഖലയിലെ ശ്രദ്ധേയമായ വിമാനത്താവളമായി ഷാര്‍ജയെ മാറ്റിയെടുക്കുമെന്ന് വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍ ഖാസിമി അഭിപ്രായപ്പെട്ടു.