ശൈഖ് മുഹമ്മദ് മസ്ദര്‍ സന്ദര്‍ശിച്ചു

Posted on: August 2, 2016 2:23 pm | Last updated: August 2, 2016 at 2:23 pm
SHARE
MASDAR
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മസ്ദര്‍ ആസ്ഥാനം സന്ദര്‍ശിക്കുന്നു

അബുദാബി: രാജ്യത്തെ ഭാവി ഊര്‍ജ സംരംഭമായ മസ്ദറിന്റെ ആസ്ഥാനം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. ഊര്‍ജ രംഗത്ത് സ്ഥാപനം മുന്നോട്ടു വെക്കുന്ന നിക്ഷേപ പരിപാടികളും ഭാവി പദ്ധതികളും വിലയിരുത്താനായിരുന്നു അബുദാബിയിലെ മസ്ദര്‍ ആസ്ഥാനം ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചത്. ഇന്നലെ ഉച്ചക്കായിരുന്നു സന്ദര്‍ശനം.

രാജ്യത്തെ ഊര്‍ജ മേഖലയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന വന്‍ പദ്ധതികളാണ് മസ്ദര്‍ മുമ്പോട്ടു വെക്കുന്നത്. ആറ് ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മസ്ദര്‍ സിറ്റി ഇതില്‍ പ്രധാനമാണ്. സൂര്യനില്‍നിന്നും കാറ്റില്‍ നിന്നും പുനരുപയോഗ ഊര്‍ജം ഉത്പാദിപ്പിക്കുന്ന വിവിധ പദ്ധതികളാണ് മസ്ദര്‍ അവതരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടികളുടെ നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിനകത്ത് മാത്രമല്ല, നിരവധി സുഹൃദ് രാജ്യങ്ങളിലും ഊര്‍ജ രംഗത്ത് വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് യു എ ഇ നേതൃത്വം നല്‍കുന്നുണ്ട്. മസ്ദര്‍ സിറ്റി സന്ദര്‍ശിച്ച പ്രമുഖരുടെ സന്ദര്‍ശന വിവരങ്ങള്‍ രേഖപ്പെടുത്തിയ ഇലക്‌ട്രോണിക് സ്‌ക്രീന്‍ സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ്, മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജീസും നിരീക്ഷിച്ചു. ദുബൈ ഉപ ഭരണാധികാരി ശൈഖ്

മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍, എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, മസ്ദര്‍ ഡയറക്ടറേറ്റ് കൗണ്‍സില്‍ ചെയര്‍മാനും ഊര്‍ജ സഹമന്ത്രിയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍ തുടങ്ങിയ പ്രമുഖരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു. മസ്ദറിന്റെ നിക്ഷേപ പരിപാടികളും ഭാവി പദ്ധതികളും ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍ ശൈഖ് മുഹമ്മദിന് വിശദീകരിച്ചുകൊടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here