തര്‍ക്കം തുടരുന്നു; നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു

Posted on: August 2, 2016 1:02 am | Last updated: August 2, 2016 at 10:51 am

congressതിരുവനന്തപുരം: മുന്നണി തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. കെ എം മാണിയെ അനുനയിപ്പിക്കാനുളള യു ഡി എഫ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റതിനു തൊട്ടുപിന്നാലെയാണ് ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ഈ മാസം നാലിന് ഡല്‍ഹിയിലെത്താനാണ് നിര്‍ദേശം. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങളും കെ എം മാണിയുമായുള്ള മുന്നണി പ്രശ്‌നങ്ങളുമാണ് മുഖ്യ ചര്‍ച്ചാവിഷയമാകുക.

കോണ്‍ഗ്രസുമായി സഹകരിക്കാതെ പ്രത്യേക ബ്ലോക്കായിരിക്കാനുള്ള കെ എം മാണിയുടെ നീക്കത്തിനിടെയാണ് കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന നിലപാടിലാണ് കെ എം മാണി. ബാര്‍ക്കോഴ ആരോപണം ഉയര്‍ത്തിയതില്‍ ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് കെ എം മാണി ഉറച്ചുവിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് മുറിവുണക്കുന്ന പ്രസ്താവനയെങ്കിലും വേണമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനമെടുത്തത്. എന്നാല്‍, യു ഡി എഫ് വിട്ട് മറ്റൊരു മുന്നണിയില്‍ ചേരുന്നതിനെ പി ജെ ജോസഫ് അനുകൂലിക്കുന്നില്ല.
തീരുമാനത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിന്റെ ഭാഗമായി പി ജെ ജോസഫുമായി കെ എം മാണി ചര്‍ച്ച നടത്തി. ജോസഫ് വിഭാഗത്തിന്റെ പിന്തുണയും കൂടി ലഭിച്ചതോടെ കെ എം മാണി നിലപാട് കടുപ്പിച്ചു. ചരല്‍ക്കുന്നില്‍ ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിക്കും.