പരിവാര്‍ സംഘടനകളെ പ്രീതിപ്പെടുത്തി പിള്ളയും; ലക്ഷ്യം രാഷ്ട്രീയ നേട്ടം

Posted on: August 2, 2016 10:17 am | Last updated: August 2, 2016 at 10:19 am

കൊല്ലം:കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് പിന്നാലെ ബാലകൃഷ്ണ പിള്ളയുടെ കേരളാകോണ്‍ഗ്രസും ബി ജെ പി അനുകൂല രാഷ്ട്രീയ നിലപാടിലേക്ക് നീങ്ങുന്നു. ഇതിന്റെ ആദ്യപടിയെന്നോണം ബാലകൃഷ്ണപിള്ളയുടെ ന്യൂപക്ഷവിരുദ്ധ പ്രസംഗം ഹിന്ദുത്വ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സംസ്ഥാന രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവെന്ന പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന തരത്തില്‍ പ്രഭാഷണം നടത്താന്‍ പിള്ളയെ പ്രേരിപ്പിച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വര്‍ഷങ്ങളായി രണ്ട് എം എല്‍ എമാര്‍ മാത്രമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് ബിയെങ്കിലും യു ഡി എഫിന്റെ സ്ഥാപക നേതാക്കളിലൊരാള്‍ എന്ന പരിഗണന വെച്ച് പിള്ളയുടെ പാര്‍ട്ടിക്ക് യു ഡി എഫ് കാലങ്ങളായി മന്ത്രിസ്ഥാനം നല്‍കാറുണ്ടായിരുന്നു.

എന്നാല്‍ 2006ല്‍ സി പി എമ്മിലെ ഐഷാപോറ്റിക്ക് മുന്നില്‍ കാലിടറി വീണതിന് ശേഷം സംസ്ഥാന മന്ത്രിസഭയും നിയമസഭയും ബാലകൃഷ്ണപ്പിള്ളക്ക് അപ്രാപ്യമായി. ഇതോടെ ഒരു എം എല്‍ എ മാത്രമായി ചുരുങ്ങി നിയമസഭയിലെ കേരള കോണ്‍ഗ്രസ് – ബി പ്രാതിനിധ്യം. പത്തനാപുരത്ത് മകന്‍ ഗണേഷ് കുമാര്‍ സ്ഥിരമായി ജയിച്ചു കയറിയതോടെ പിതാവും പുത്രനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഈ സാഹചര്യത്തിലും അംഗബലം കുറവുണ്ടായിരുന്ന കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയില്‍ പിള്ളയെ പരിഗണിച്ച് മകന് മന്ത്രിസ്ഥാനം നല്‍കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായി. ഗണേഷ്‌കമാറിന്റെ കുടുംബപ്രശ്‌നങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ആദ്യ തലവേദനയായി മാറി. തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ ഗണേഷ് കുമാര്‍ നിര്‍ബന്ധിതനാകുകയായിരുന്ന.

വിവാദങ്ങള്‍ അടങ്ങിയതോടെ മന്ത്രിസഭയിലേക്ക് തിരികെയെത്താനുള്ള പിള്ളയുടേയും പുത്രന്റെയും ശ്രമങ്ങള്‍ക്ക് മുന്നില്‍ യു ഡി എഫ് നേതൃത്വം വഴിങ്ങിയില്ല. തുടര്‍ന്ന് മുന്നാക്കവികസന കോര്‍പറേഷനുണ്ടാക്കി ക്യാബിനറ്റ് റാങ്കോടെ പിള്ളയെ ചെയര്‍മാനാക്കി. ഏറെ കാലം ഇത് തുടരാതെ രാഷ്ട്രീയ കളംമാറ്റത്തിന് പിള്ള ചുവടുമാറ്റി. എല്‍ ഡി എഫിലേക്ക് കളം മാറിച്ചാടാനുള്ള പിള്ളുടെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം നടക്കാതെ പോയ മന്ത്രിസ്ഥാനലബ്ധി തന്നെയാരുന്നു.

സി പി എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള എല്‍ ഡി എഫില്‍ നിന്നാല്‍ മന്ത്രിസ്ഥാനമെന്ന സ്വപ്‌നം മരീചികയായി അവശേഷിക്കുമെന്ന ബോധ്യം പിള്ളക്കുണ്ട്. വി എസ് അച്യുതാനന്ദന്റെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ സി പി എം തനിക്ക് അനുകൂലസമീപനം സ്വീകരിക്കുക വിദൂരമായ സാധ്യതയാണെന്നും പിള്ള കണക്കുകൂട്ടുന്നു. മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിയിലേക്ക് മാറിയാല്‍ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും അത് ലാഭകച്ചവടമായിരിക്കുമെന്ന ചിന്തയാണ് പിള്ളയുടെ ന്യൂനപക്ഷ വിരുദ്ധ പ്രഭാഷണത്തിന് പിന്നിലെന്നാണ് കണക്കുകൂട്ടല്‍. അടുത്ത പാര്‍ലിമെന്റ്് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പിള്ളയുടെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.

എന്‍ എസ് എസ് നേതൃത്വത്തെ കൂടെ ഉറപ്പിച്ച് നിറുത്തി ബി ജെ പിയോട് വിലപേശാമെന്നും സംഘപരിവാര്‍ സംഘടനകളെ തൃപ്തിപ്പെടുത്താമെന്നുമുള്ള ഉദ്ദേശത്തിലാണ് പിള്ള കമുകും ചേരിയില്‍ എന്‍ എന്‍ എസ് വാര്‍ഷിക പൊതുയോഗത്തില്‍ മനസ് തുറന്ന് സംസാരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.