Connect with us

Kerala

ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കാന്‍ നടപടി വേഗത്തിലാക്കും

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ യോഗത്തില്‍ സംബന്ധിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി.
ലൈറ്റ് മെട്രോ പദ്ധതികള്‍ക്കായി ഡി എം ആര്‍ സി തയ്യാറാക്കിയ രൂപരേഖ ഉന്നതതലയോഗത്തില്‍ അവതരിപ്പിച്ചു. പദ്ധതിക്ക് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട മേല്‍പ്പാലങ്ങളെ സംബന്ധിച്ച വിശദാംശങ്ങളും ഇ ശ്രീധരന്‍ അവതരിപ്പിച്ചു. ലൈറ്റ് മെട്രോ പദ്ധതികളുടെ രൂപരേഖ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ സാന്നിധ്യത്തില്‍ ഡി എം ആര്‍ സി ചീഫ് അഡൈ്വസര്‍ ഡോ. ഇ ശ്രീധരന്‍ അവതരിപ്പിച്ചു.
ഈ പദ്ധതികള്‍ സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് 2014 ഓക്‌ടോബറില്‍ കേരള റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് സമര്‍പ്പിച്ചു. സെപ്തംബര്‍ 2015ന് അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് അയച്ചു.

രണ്ട് നഗരങ്ങളിലും റോഡിന്റെ മധ്യത്തിലുള്ള മീഡീയനില്‍ ഉയര്‍ത്തുന്ന തൂണുകള്‍ക്ക് മീതെയാണ് ലൈറ്റ് മെട്രോ വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിന്നും ആരംഭിച്ച് ദേശീപാത വഴി കഴക്കൂട്ടം ജംഗ്ഷന്‍ വരെയും. അവിടെ നിന്ന് പഴയ ദേശീയപാത കാര്യവട്ടം – ശ്രീകാര്യം – ഉള്ളൂര്‍ – കേശവദാസപുരം – സെക്രട്ടറിയേറ്റ് – തമ്പാനൂര്‍ വഴി കരമന വരെ 21.8 കി.മീ ദൂരവും 19 സ്റ്റേഷനുകളും ഉള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 3069 കോടി രൂപയാണ്.

കോഴിക്കോട് ലൈറ്റ് മെട്രോ, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ആരംഭിച്ച് മാവൂര്‍ റോഡ് വഴി എന്‍ എച്ച് ബൈപ്പാസ്, തൊണ്ടയാട് ജംഗ്ഷന് സമീപം ക്രോസ് ചെയ്ത് കോട്ടുളി, കെ എസ് ആര്‍ ടി സി, മനാഞ്ചിറ വരെയും അവിടെ നിന്നും പാളയം, റെയില്‍വെ സ്റ്റേഷന്‍ റോഡ് വഴി പുഷ്പ ജംഗ്ഷന്‍, കല്ലായി വഴി മീഞ്ചന്ത വരെയും ഉള്ള 13.3 കി.മീ ദൂരവും 14 സ്റ്റേഷനുകളുമുള്ള പദ്ധതിയുടെുടെ എസ്റ്റിമേറ്റ് തുക 2163 കോടി രൂപയാണ്. ലൈറ്റ് മെട്രോ, കൊച്ചി മെട്രോ പദ്ധതിയുടെ മാതൃകയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി നടത്തിപ്പ് രീതിയെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

മെട്രോ നിര്‍മാണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി അവലോകന യോഗം ചേരുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ എ സമ്പത്ത് എം പി, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി കെ പ്രശാന്ത്, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം എല്‍ എ മാരായ സി ദിവാകരന്‍, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഡി എം ആര്‍ സി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest