Connect with us

Articles

മണിപ്പൂര്‍ രാഷ്ട്രീയത്തില്‍ ഇറോം ശര്‍മിളയുടെ ഇടം

Published

|

Last Updated

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഒരു പടി മുന്നിലാണ് സ്ത്രീകളുടെ ഇടപെടലുകളും സ്ഥാനമാനങ്ങളും. ഐതിഹ്യ കഥകളിലും സ്ത്രീ കഥാ പാത്രങ്ങള്‍ തന്നെ നിറഞ്ഞുനില്‍ക്കുന്നു. വയലിലും ഖനികളിലും ചന്തയിലും തെരുവിലും നിറഞ്ഞുനില്‍ക്കുന്ന സ്ത്രീകള്‍ തന്നെ ഇവിടെ അടുക്കളയിലും ആധിപത്യം നില നിര്‍ത്തുന്നു. മണിപ്പൂരിന് ഇതിഹാസപൂര്‍വം പറയാനുണ്ട്, ഒരു അമ്മൂമ്മയുടെ കഥ. മലയോരവും താഴ്‌വാരവും നൂറുകണക്കിന് ഇനം പച്ചക്കറികളാല്‍ സമ്പന്നമാണ്. അതില്‍ നൂറിനം പച്ചക്കറികള്‍ തിന്നാന്‍ ഒന്ന് കഴുകുക പോലും വേണ്ടത്രേ. ഇത്ര സമൃദ്ധമായ വിളകള്‍ ഈ അമ്മൂമ്മ സ്ത്രീ ധനമായി മണിപ്പൂരിലേക്കു കൊണ്ട് വന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അമ്മൂമ്മയുടെ ഓര്‍മക്കായി വീടുകളില്‍ സ്ത്രീകള്‍ “പന്ത” രൂപത്തില്‍ തീ അണയാതെ സൂക്ഷിക്കുന്നു. അത് കൊണ്ട് മണിപ്പൂരി സ്ത്രീകളെ “മെയ്‌രാ പെയ്ബി”(പന്തമേന്തിയ പെണ്ണുങ്ങള്‍) എന്ന് വിളിക്കപ്പെടുന്നു.

ഇന്നിപ്പോള്‍ വിഘടന വാദികളും അവരെ നേരിടാനെത്തിയ സൈന്യവും ഒരേ അനുപാതത്തില്‍ സംഘര്‍ഷഭരിതമാക്കിയ ദുരിത കഥകളാണ് ഈ ജനതക്കു പങ്കു വെക്കാനുള്ളത്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്പസാ (അൃാലറ എീൃരല െടുലരശമഹ ജീംലൃ െഅര)േ ക്കെതിരെ ഒന്നര പതിറ്റാണ്ടിലേറെയായി മണിപ്പൂരില്‍ ഇറോം ചാനു ശര്‍മിള നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ ഒരേ സമയം ആശ്വാസവും ആശങ്കയും തീര്‍ക്കുന്നതാണ്. ശര്‍മിളയുടെ പുതിയ രാഷ്ട്രീയ പരീക്ഷങ്ങളുടെ ഇരകളും ഗുണഭോക്താക്കളും ആരൊക്കെയാകും എന്ന് ഇനിയും വ്യക്തമല്ല. ഒന്നര പതിറ്റാണ്ടു നീണ്ട, ഗാന്ധിജിയെ പോലും പിന്തള്ളിയ റെക്കോര്‍ഡ് നിരാഹാര സമരത്തിലൂടെ മണിപ്പൂരിലെ കാല്‍ കോടി വരുന്ന ജനങ്ങളെ വളെരെയേറെ സ്വാധീനിക്കാന്‍ ഇറോമിന് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം അവിതര്‍ക്കിതമാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമോ നിലവിലുള്ള ഏതെങ്കിലും കക്ഷികളില്‍ അംഗത്വം നേടി പുതിയ സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുമോ എന്നൊന്നും വ്യക്തത വരാത്തതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അങ്കലാപ്പ് ഏറ്റുന്നുണ്ട്.
1999ല്‍ “പരിവര്‍ത്തന്‍” എന്ന സാംസ്‌കാരിക സാമൂഹിക സംഘടനയിലൂടെ അഴിമതിക്കെതിരെ പോരാട്ടം തുടങ്ങിയ അരവിന്ദ് കെജ്‌രിവാള്‍ ഒന്നര പതിറ്റാണ്ടിനു ശേഷം മൃഗീയ ഭൂരിപക്ഷത്തില്‍ ഡല്‍ഹിയില്‍ പിടി മുറുക്കിയതു സമകാലിക സംഭവമായി നമ്മുടെ മുന്നില്‍ ഉണ്ട്. കെജ്‌രിവാളിന്റെ പരിവര്‍ത്തന്‍ അന്തോളിനേക്കാള്‍ പതിന്മടങ്ങ് ജനങ്ങളെ സ്വാധീനിക്കാനും ദേശീയ രാഷ്ട്രീയത്തില്‍ അലയൊലി തീര്‍ക്കാനും ശര്‍മിളയുടെ അഫ്‌സ്പ വിരുദ്ധ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. പുതിയ നീക്കങ്ങള്‍ എത്ര കണ്ടു ലക്ഷ്യം കാണുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
നാഗാലാന്റ്, മിസോറാം, അസം തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളും അയല്‍ രാജ്യമായ മ്യാന്‍മാറുമാണ് മണിപ്പൂരുമായി അയല്‍പക്കം പങ്കിടുന്നത്. 1972ല്‍ സംസ്ഥാനമായി അംഗീകരിക്കുന്നത് വരെ കേന്ദ്രഭരണ പ്രദേശമായിരുന്നു. അതിനു മുമ്പ് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ ബ്രിട്ടീഷ് അധീനതയിലും നാട്ടുരാജാക്കന്മാരുടെ വരുതിയിലുമാണ് പ്രദേശത്തിന്റെ രാഷ്ട്രീയ ചരിത്രം നീങ്ങിയത്. രണ്ടാം ലോകമഹാ യുദ്ധത്തിന്റെ കെടുതികള്‍ കുറെയേറെ നേരിട്ട് സഹിക്കേണ്ടിവന്ന പ്രദേശം കൂടെയായിരുന്നു ഇന്‍ഫാല്‍ ഉള്‍ക്കൊള്ളുന്ന മണിപ്പൂര്‍. സഖ്യ ശക്തികളുടെ സൈന്യവും ജാപ്പനീസ് സേനയും കടുത്ത പോരാട്ടം നടത്തുകയും മണിപ്പൂരില്‍ കയറാന്‍ കഴിയാതെ ജാപ്പാനീസ് സേന പിന്മാറുകയും ചെയ്ത കഥ മണിപ്പൂരിന് പറയാനുണ്ട്.
മലയോരവും താഴ്‌വരയും തമ്മില്‍ നില നില്‍ക്കുന്ന അതി വിചിത്രമായ വംശീയ പ്രശ്‌നങ്ങളാണ് അടിസ്ഥാനപരമായി മണിപ്പൂരിലെ സംഘര്‍ഷങ്ങളുടെ ഹേതു. മെയ്‌റ്റെയ്‌സ്, കൂകി, നാഗ, മിസോകള്‍, സോമി, ചിന്‍, പായ്‌ടെ തുടങ്ങിയ വ്യത്യസ്ത ഗോത്ര വര്‍ഗങ്ങള്‍ വിവേചനപൂര്‍വം ജീവിക്കുന്ന അതി സങ്കീര്‍ണ സാമൂഹിക സാഹചര്യങ്ങള്‍ വരുത്തിയ അസമത്വ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി നീണ്ടുപോകുകയാണ്. പുതിയ സെന്‍സസ് പ്രകാരം 60 ശതമാനം ജനങ്ങള്‍ താഴ്‌വരകളിലും ബാക്കി മലയോരങ്ങളിലുമാണ് വസിക്കുന്നത്. ഭൂരിപക്ഷ വിഭാഗമായ താഴ്‌വര വാസികള്‍ എല്ലാ മേഖലയിലും മലയോര വാസികളെ മറികടക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് അസമത്വ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ ഇടയാക്കുന്നുണ്ട്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ വംശീയ പ്രശ്‌നം സംസ്ഥാനത്തിന്റെ രാഷ്ട്രീയ മൂല്യബോധത്തെ മാരകമാംവിധം ബാധിക്കുകയും ഭരണ മേഖലകളില്‍ കെടു കാര്യസ്ഥത നിറഞ്ഞാടുകയും ചെയ്തതിന്റെ ഫലമായിരുന്നു പുതിയ വിപ്ലവ ഗ്രൂപ്പുകളുടെ ഉദയം.
അഴിമതിയില്‍ കഴിവ് തെളിയിച്ച രാഷ്ട്രീയ നേതൃത്വമാണ് മണിപ്പൂരിലെ അസ്വാരസങ്ങളുടെ ഒന്നാം പ്രതികള്‍. വികസന കാര്യങ്ങളിലോ സാമൂഹിക ഉന്നതിയിലോ ശ്രദ്ധ പതിപ്പിക്കാതെ അഴിമതിയില്‍ മുഴുകിയ രാഷ്ട്രീയക്കാരെ നിലക്ക് നിര്‍ത്താന്‍ എന്ന് പറഞ്ഞാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, പീപ്പിള്‍സ് റെവലൂഷനറി പാര്‍ട്ടി ഓഫ് കാങ് ലെയ്ക് തുടങ്ങിയ വിപ്ലവ സംഘങ്ങള്‍ രൂപം കൊള്ളുന്നത്. തുടക്കത്തില്‍ ഇടതു ആശയത്തിലൂന്നി പ്രവര്‍ത്തിച്ച ഈ സംഘങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സാംസ്‌കാരിക നേതാക്കളുടെയും ഇടയില്‍ ഏറെ ആവേശം സൃഷ്ട്ടിച്ചു. മണിപ്പൂരിലെ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമുണ്ടായിരുന്ന സൈനിക നിയമം സംസ്ഥാനത്താകമാനം പാസ്സാക്കിയത് ഈ കാലത്തായിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സംഘങ്ങളുടെ പ്രവര്‍ത്തന ഗതി മാറ്റി വിടാന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം കാരണമായി. വിപ്ലവ സംഘങ്ങള്‍ ഒളിത്താവളങ്ങളിലേക്ക് പിന്‍വാങ്ങുകയും ഗറില്ലാ മുറകളും മിന്നല്‍ ആക്രമങ്ങളും പതിവാവുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഭീകരമാം വിധം സൈനികാധികാരങ്ങള്‍ സുരക്ഷാ സേന ഇവിടെ നേടിയെടുക്കുന്നതാണ് പിന്നീട് കണ്ടത്.
സംശയം തോന്നുന്ന ആരെയും വെടി വെച്ച് കൊല്ലാനും ജനങ്ങളെ കസ്റ്റഡിയിലെടുക്കാനും വാറന്‍ഡില്ലാതെ വീടുകള്‍ പരിശോധിക്കാനും കഴിയുന്നിടം വരെ സൈനികാധികാരം നീണ്ടു. സൈനിക പക്ഷത്തു നിന്നും എന്ത് ഭീകര താണ്ഡവമുണ്ടായാലും കോടതിയെ സമീപിക്കാന്‍ വകുപ്പില്ല. നൂറു പേര്‍ക്ക് 35 സൈനികര്‍ എന്നതാണ് മണിപ്പൂരിലെ സൈനിക സിവില്‍ അനുപാതം. പട്ടാള ഭരണമുള്ള മ്യാന്‍മറില്‍ പോലും നൂറു പേര്‍ക്ക് ഒരു സൈനികനേയുള്ളൂ. സംസ്ഥാനത്തിന്റെ സുരക്ഷക്കായി നിയോഗിച്ച സൈനികര്‍ നിരന്തരം സ്വസ്ഥ ജീവിതം നശിപ്പിക്കുന്ന വാര്‍ത്തകളാണ് പിന്നീട് മണിപ്പൂരില്‍ നിന്നും പുറത്തുവന്നത്.
1984ല്‍ സി ആര്‍ പി എഫ് നടത്തിയ വെടി വെപ്പില്‍ വോളിബോള്‍ മാച്ച് കണ്ടുകൊണ്ടിരുന്ന 14 കാണികളാണ് കൊല്ലപ്പെട്ടത്. 1987ല്‍ ഒയ്‌നാം ഗ്രാമത്തില്‍ ആസാം റൈഫിള്‍സിന്റെ പോസ്റ്റില്‍ ഒളിപ്പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പതു ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ സൈനിക നീക്കം മൂന്നു മാസത്തിലേറെ നീണ്ടുനിന്നു. നിരവധി ഗ്രാമീണര്‍ കൊല്ലപ്പെടുകയും വീടുകള്‍ ചുട്ടെരിക്കപ്പെടുകയും ചെയ്തു. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ തീര്‍ത്തും നഗ്‌നയായി പട്ടാളക്കാര്‍ക്കിടയില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിതയാകുകയും കൂവിയാര്‍ത്തു സൈന്യം അതാഘോഷിക്കുകയും ചെയ്തതായി ആരോപണമുണ്ടായി. 2000ത്തില്‍ മാലോം എന്ന സ്ഥലത്തു ആസാം റൈഫിള്‍സിന്റെ ജവാന്മാര്‍ ബസ് റ്റോപ്പില്‍ നിന്ന സിവിലിയന്മാര്‍ക്കെതിരെയായിരുന്നു ആക്രമണം അഴിച്ചു വിട്ടത്. 65 വയസായ ഒരു വൃദ്ധയടക്കം പത്തു പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുപോയി വിജന സ്ഥലത്തു കൊന്നുതള്ളിയ മനോരമ ദേവിയുടെ മരണമാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കും വിധം വിവാദമായത്. അതിനൊരു കാരണവുമുണ്ടായിരുന്നു. ഈ കൊലപാതകത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ രീതിയായിരുന്നു അത്. “ഞങ്ങളെ റാപ്പ് ചെയ്യൂ” എന്ന് അലമുറയിട്ട് പൂര്‍ണ നഗ്‌നരായ മണിപ്പൂരി അമ്മമാര്‍ നടത്തിയ സമരം ലോകം ശ്രദ്ധിച്ചു.
മാലോം ഗ്രാമത്തിലെ ബസ് സ്‌റ്റോപ്പില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൃത്യു വരിച്ച നിരപരാധികളുടെ കാഴ്ചകളും അവരുടെ കുടുംബങ്ങളുടെ അലമുറയുമായിരുന്നു 2000 നവംബര്‍ രണ്ടിന് ഇറോം ശര്‍മിളയെ ഒന്നര പതിറ്റാണ്ടു നീണ്ട മാരത്തോണ്‍ സമരത്തിലേക്ക് നയിച്ചത്. ഇടക്കു വെച്ച് പിന്തിരിയാന്‍ ഭാവമുണ്ടെങ്കില്‍ സമര പ്രഖ്യാപനം നടത്തരുതെന്നായിരുന്നു അമ്മയുടെ നിര്‍ദേശം.
കേവലം ഒരു സമരനായിക എന്നതിനപ്പുറം സംസ്ഥാനത്തിന്റെ വികസന പ്രക്രിയയെ കുറിച്ചും ക്രമസമാധാന പാലനത്തെ കുറിച്ചും ശര്‍മിളക്കു വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്.നേരാം വണ്ണം ശാസ്ത്രീയ മാര്‍ഗത്തില്‍ ശ്രമിച്ചാല്‍ രാജ്യത്തു തന്നെ ഏറ്റവും മികച്ച കാര്‍ഷിക ഇടമാക്കി മാറ്റാന്‍ കഴിയുന്ന ഭൂമേഖലയാണ് മണിപ്പൂരിന്റെ മലയോരവും താഴ്‌വാരവും. ഇവിടെ നിന്നു കൊണ്ട് പോകുന്ന വരുമാനത്തിന്റെ തീരെ ചെറിയ ശതമാനം മാത്രമാണ് തിരികെ വികസനത്തിനായി മടങ്ങിവരുന്നത്. ബജറ്റില്‍ വലിയ ശതമാനം തുകയും സുരക്ഷക്കായി മാറ്റി വെക്കുമ്പോള്‍ നഷ്ടം സംഭിക്കുന്നതു വിദ്യാഭ്യാസ വ്യവസായ മേഖലകളിലാണ്. സര്‍ക്കാര്‍ ഉദ്യോഗ മേഖലകള്‍ എല്ലാം ഇന്നും കടുത്ത അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു. പോലീസ് തസ്തികകള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ലക്ഷങ്ങളുടെ എന്‍ട്രി ഫീയാണ് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നത്. മുപ്പത്തിനായിരത്തിനും നാല്‍പത്തിനായിരത്തിനും മുകളില്‍ പോകുമ്പോഴാണ് ടെലിഫോണ്‍ ബില്ലിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുക. സേവനവും ഇതേ നിലക്ക് തന്നെയായിരിക്കും. വാഹനങ്ങളുടെ ഭീകരമായ അന്തരീക്ഷ മലിനീകരണവും വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയും ആരോഗ്യ സാമൂഹിക മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ശോഷണവുമെല്ലാം സംസ്ഥാനത്തിന്റെ ഭരണ ഉദ്യോഗസ്ഥ മേഖലകളിലെ അനാസ്ഥ വെളിവാക്കുന്നു.
കൊടിയേന്താനുള്ള ഇറോം ശര്‍മിളയുടെ തീരുമാനത്തെ ഈ വക സാഹചര്യങ്ങള്‍ വെച്ച് വേണം വിലയിരുത്താന്‍. താഴ്‌വരയിലെ പ്രബല വിഭാഗമായ മെയ്റ്റികളുടെ താത്പര്യം സംരക്ഷിക്കാനെന്ന വണ്ണം കഴിഞ്ഞ വര്‍ഷം നിയമ സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ശര്‍മിളയുടെ പുതിയ തീരുമാനം. കുറെയേറെ മണിപ്പൂരികളുടെ പ്രാദേശികതയെ വരെ ചോദ്യം ചെയ്യുന്ന ബില്ല് ഇലക്കും മുള്ളിനും കേടില്ലാത്ത വിധം എങ്ങനെ കൈകാര്യം ചെയ്യാം എന്ന ചിന്തയിലാണ് കോണ്‍ഗ്രസ്. മാസങ്ങള്‍ക്കു മുന്‍പ് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നില മെച്ചപെടുത്തിയത് കോണ്‍ഗ്രസ് ക്യാംപുകളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. 2017ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസും ബി ജെ പിയും കരുക്കള്‍ നീക്കിത്തുടങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ശര്‍മിളയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്. ആകെയുള്ള 60 അംഗ നിയമസഭയില്‍ 47 പേരുടെ പിന്തുണയോടെ ഭരിക്കുന്ന കോണ്‍ഗ്രസിനെ പെട്ടന്നൊന്നും ഊതിക്കെടുത്താന്‍ തങ്ങള്‍ക്കാവില്ലെന്നു ബി ജെ പി ക്കും നല്ല ബോധ്യമുണ്ട്. ശര്‍മിളയുടെ തീരുമാനത്തെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇരു കക്ഷികള്‍ക്കും തുല്യ ആശങ്ക തന്നെയാകും. സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുന്ന ഇരു പാര്‍ട്ടികള്‍ക്കും അപ്പുറം പുതിയൊരു രാഷ്ട്രീയ മുന്നേറ്റമാകും മണിപ്പൂര്‍ ജനത ശര്‍മിളയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

 

Latest