കെജ്‌രിവാളും നരേന്ദ്ര മോദിയും

Posted on: August 2, 2016 9:35 am | Last updated: August 2, 2016 at 9:35 am

KEJRIWAL MODIഎ എ പിയുടെ പന്ത്രണ്ടാമത്തെ എം എല്‍ എയെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എല്ലാം ചെറിയ ചെറിയ കാരണങ്ങളുടെ പേരില്‍. താരതമ്യേന പരിമിതമായ അധികാരങ്ങളുള്ള ഒരു സംസ്ഥാന സര്‍ക്കാറിനോട് ഇങ്ങനെ പകയോടെ പെരുമാറുന്നതിനെ എന്ത് രാഷ്ട്രീയം എന്നാണ് പറയുക?

കഴിഞ്ഞ ദിവസം സ്വല്‍പ്പം വൈകാരികമായാണ് കെജ്‌രിവാള്‍ പ്രതികരിച്ചത്. മോദിക്ക് സമനില നശിച്ചെന്നും പ്രധാനമന്ത്രി തന്നെ കൊലപ്പെടുത്താനും മടിക്കില്ലെന്നും പറഞ്ഞു കളഞ്ഞു അദ്ദേഹം. ജയിലില്‍ പോകുക എന്നത് ചെറിയ കാര്യമാണെന്നും നിങ്ങള്‍ മരിക്കാന്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം അണികളെ ആഹ്വാനം ചെയ്യുന്നു.
അമേരിക്കക്ക് മുമ്പില്‍ ക്യൂബ എന്ന പോലെയാണ് നരേന്ദ്ര മേദിക്ക് അരവിന്ദ് കെജ്‌രിവാള്‍. അതീവ സുരക്ഷയുള്ള തന്റെ സിംഹാസനത്തിന് മുമ്പില്‍ ഇങ്ങനെയൊരു ജനകീയ ഭരണകൂടമോ? ഡല്‍ഹി സര്‍ക്കാര്‍ അധികാരമേറ്റ് ഇത്ര നാള്‍ കഴിഞ്ഞിട്ടും നരേന്ദ്ര മോദിക്ക് ഈ യാഥാര്‍ഥ്യത്തോട് താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണോ? അതിന്റെ ഈറയാണ് കേന്ദ്ര സര്‍ക്കാര്‍ എ എ പിയോട് കാണിക്കുന്നത് എന്നു തന്നെ കരുതണം. ലഫ്റ്റനന്റ് ഗവര്‍ണറെ വെച്ച് എടങ്ങേറാക്കുക, നിയമ നിര്‍മാണത്തിന് ഉടക്ക് വെക്കുക, ബി ജെ പി പ്രവര്‍ത്തകരെ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ കലാപരിപാടികള്‍ തുടക്കം മുതലേ ഉണ്ട്. കൂട്ടിലടച്ച തത്തയെ കൊണ്ട് കെജിരിവാളിന്റെ ഓഫീസ് റൈഡ് നടത്തിനോക്കി. പക്ഷേ സംഗതി ബൂമറാംഗായി തിരിച്ചടിച്ചു. കെജ്‌രിവാളിന് വെച്ചത് അരുമയായ അരുണ്‍ ജെയ്റ്റ്‌ലിക്ക് കൊണ്ടു. പോലീസിനെ ഉപയോഗിച്ചു ഒടുക്കത്തെ കളിയാണിപ്പോള്‍ നടക്കുന്നത്.

ഇത്തരം നിലവാരം കുറഞ്ഞ രാഷ്ട്രീയം തിരിച്ചടിയാകുമെന്ന് എന്താണ് ഗുണകാംക്ഷികളാരും ബി ജെ പിയെ ഉപദേശിക്കാത്തത്? ഡല്‍ഹിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തോടാണല്ലോ ഈ അത്യാചാരം. സത്യത്തില്‍ ആ ജനത്തെയല്ലേ ഈ സമീപനം അവഹേളിക്കുന്നത്? ജനത്തിന്റെ അഭിമാനത്തിന് വലിയ വിലയുണ്ടെന്ന് നരേന്ദ്ര മോദിക്ക് തന്നെ നല്ല ബോധ്യം ഉണ്ടാകേണ്ടതാണ്. ബീഹാറില്‍ ‘ജംഗിള്‍ രാജ്’ പ്രയോഗം നിതീഷ് കുമാറിനുണ്ടാക്കിയ മേല്‍ക്കൈ അദ്ദേഹത്തിന് നല്ല ഓര്‍മ കാണണം. കേരളത്തെ ‘സോമാലിയ’ ആക്കിയതിന്റെ അമളിയും ആരെങ്കിലും അദ്ദേഹത്തോട് പറയാതിരിക്കുമോ?

കോണ്‍ഗ്രസിനോട് പോലുമില്ലാത്ത ക്രോധം ആം ആദ്മിയോട് എന്തുകൊണ്ട് എന്നത് പ്രസക്തമാണ്. അവിടെയാണ് ആം ആദ്മി രാഷ്ട്രീയത്തിന്റെ ‘അപകടം’ ബി ജെ പിയെ പേടിപ്പിക്കുന്നു എന്ന് മനസ്സിലാക്കേണ്ടത്. മര്‍മത്തിലാണ് കെജ്‌രിവാള്‍ തൊടുന്നത്. എന്നു വെച്ചാല്‍ സാമ്പ്രദായിക രാഷ്ട്രീയ കക്ഷികള്‍ പരസ്പരം പുലര്‍ത്തുന്ന ഒളിസൗഹൃദങ്ങളുണ്ടല്ലോ, അതിനെ മുറിച്ചു കടക്കുകയാണ് അദ്ദേഹം. പരമ്പരാഗത രാഷ്ട്രീയക്കാര്‍ ചില ദൗര്‍ബല്യങ്ങളില്‍ സ്പര്‍ശിക്കില്ല. എന്നാല്‍ ഇത്തരം മര്‍മങ്ങളിലാണ് കെജ്‌രിവാള്‍ ആഞ്ഞടിക്കുന്നത്. മോദിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ആരോപിക്കുന്നു. വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്ന് കത്തയക്കുന്നു. ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ അഡ്ജസ്റ്റുമെന്റാണല്ലോ നമ്മുടെയൊരു കീഴ്‌വഴക്കം. അതിനെ മുറിച്ചുകടക്കുകയാണ് കെജ് രിവാള്‍. ഇതിനെക്കാള്‍ വലിയ പ്രകോപനം എന്ത് വേണം? ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തര്‍ക്കമുണ്ടെന്ന് വന്നാല്‍ ലോക സഞ്ചാരം നടത്തുന്ന പ്രധാനമന്ത്രിക്ക് എത്ര നാണക്കേടാണ്?

കഴിഞ്ഞ യു പി എ സര്‍ക്കാറിനെതിരെ എത്ര വലിയ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്? മോദി സര്‍ക്കാര്‍ അധികാരമേറിയ ശേഷം തന്നെ കോണ്‍ഗ്രസിനെതിരെ, സോണിയാ ഗാന്ധിക്കും കുടുംബത്തിനുമെതിരെ ഒരുപാട് ആരോപണങ്ങള്‍, പ്രതിരോധത്തിനായാണെങ്കിലും ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവരികയുണ്ടായി. ആരോപണങ്ങളുന്നയിക്കുകയല്ലാതെ ഇവര്‍ നടപടിയെടുക്കില്ലെന്ന് കെജ്‌രിവാള്‍ പറയുമ്പോള്‍ ഈ അഡ്ജസ്റ്റ് മെന്റ് ജനം സംശയിക്കുന്നു. മോദി സോണിയയെ സംരക്ഷിക്കുകയാണെന്നും ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പ്രത്യുപകാരമാണെന്നു സമര്‍ഥിക്കാനും കെജ്‌രിവാള്‍ ശ്രമിക്കുന്നു.
വിദേശ സന്ദര്‍ശനത്തെ വിമര്‍ശിക്കുകയും സ്വകാര്യ കമ്പനികളുടെ അടുത്തുപോയി നിക്ഷേപം ആവശ്യപ്പെടുന്നത് മോദി നിര്‍ത്തണമെന്നു ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ ആര്‍ക്കാണ് ദേഷ്യം പിടിക്കാതിരിക്കുക?

കേന്ദ്രം ഡല്‍ഹിയോട് പെരുമാറുന്നത് പാക്കിസ്ഥാനോടെന്ന പോലെയെന്ന് പറയുന്നു. തന്റെ ഓഫീസില്‍ സി ബി ഐ റെയ്ഡ് നടത്തിയത് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സഹായിക്കാന്‍ വേണ്ടിയാണെന്നു ആരോപിക്കുന്നു. തന്റെ പേരു കേള്‍ക്കുമ്പോഴെല്ലാം മോദിയുടെ രക്തം തിളക്കുമെന്ന് ബി ജെ പി നേതാക്കള്‍ തന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ടെന്ന് പറയുന്നു. മെയ്ക് ഇന്‍ ഇന്ത്യയേക്കാളും രാജ്യം പ്രാധാന്യം നല്‍കേണ്ടത് പശ്ചാതല വികസനത്തിനാണെന്നു ഉണര്‍ത്തുന്നു. ഇന്ത്യയെ നിര്‍മിച്ചാല്‍ മെയ്ക് ഇന്‍ ഇന്ത്യ സ്വാഭാവികമായും സംഭവിക്കുമെന്നു പരിഹസിക്കുന്നു. മന്‍ കി ബാത്തിന്റെ ശോഭ കെടുത്തി പുതിയ തല്‍സമയ സംവാദ പരിപാടിയുമായി വരുന്നു. ‘ടോക് ടു എകെ’ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നു. താന്‍ രാഹുല്‍ ഗാന്ധിയും സോണിയയും റോബര്‍ട്ട് വദ്രയുമൊന്നുമല്ല. അവരെപ്പോലെ കണ്ട് പേടിപ്പിക്കരുത് എന്ന് വെല്ലുവിളിക്കുന്നു. ഇങ്ങനെയൊരാളോട് എങ്ങനെയാണ് മോദി ഇത്രയൊക്കെ ചെയ്യാതിരിക്കുക?

എന്താണ് മോദിയും കെജ്‌രിവാളും തമ്മിലുള്ള വ്യത്യാസം? അത് അന്തസ്സിന്റെ പ്രശ്‌നമാണ്. വ്യക്തിത്വത്തിന്റെ വിഷയമാണ്. അവര്‍ കൊണ്ടുടക്കുന്ന രാഷ്ട്രീയത്തിന്റെ വിഷയമാണ്. മിടുക്കും നെഞ്ചളവും നല്ല ഗുണങ്ങളാണ്. പക്ഷേ, അത് മാത്രം പോരല്ലോ.