Connect with us

Editorial

അസഹിഷ്ണുത അറബി ഭാഷയോടും

Published

|

Last Updated

ബീഫുമായി ബന്ധപ്പെട്ട് ഗോസംരക്ഷകര്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ വ്യാപകമായി അക്രമം അഴിച്ചുവിടുന്നതിനിടെ; കലാലയങ്ങളിലെ അറബി ഭാഷാ പഠനത്തിനെതിരെയും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍. കഴിഞ്ഞ ദിവസം മംഗളുരുവിലെ സെന്റ് തോമസ് എയ്ഡഡ് സ്‌കൂളില്‍ അതിക്രമിച്ചു കയറിയ അറുപതോളം വരുന്ന രാമസേനക്കാര്‍ സ്ഥാപനത്തിലെ അറബി ഭാഷാ അധ്യാപനത്തിനെതിരെ ഭീഷണി മുഴക്കുകയും അക്രമം അഴിച്ചു വിടുകയുമുണ്ടായി. സ്‌കൂളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചാണ് അറബി പഠിപ്പിക്കുന്നതെന്ന് ആരോപിച്ചു വിദ്യാര്‍ഥികളുടെ കൈവശമുള്ള പുസ്തകങ്ങള്‍ പിടിച്ചുവാങ്ങി നശിപ്പിച്ച അക്രമികള്‍ പഠനം തടസ്സപ്പെടുത്തുകയും മേലില്‍ ഈ സ്‌കൂളില്‍ കണ്ടു പോകരുതെന്ന് അറബി അധ്യാപകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീതയും വേദപഠനങ്ങളും ഉള്‍പ്പെടുത്തുകയാണെങ്കില്‍ മാത്രമേ അറബി പഠിപ്പിക്കാന്‍ അനുവദിക്കുകയുള്ളൂവത്രെ. സ്‌കൂള്‍ അധികൃതര്‍ സംഭവം വിളിച്ചറിയിച്ചിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു. രാമസേനക്കാര്‍ സ്‌കൂളില്‍ നിന്ന് പോയതിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. സംഘ്പരിവാര്‍ തേര്‍വാഴ്ച നടക്കുന്നിടങ്ങളിലെല്ലാം ഇതാണല്ലോ പോലീസ് ശൈലി.
മതഭാഷ എന്ന നിലയിലല്ല സ്ഥാപനത്തില്‍ അറബി പഠിപ്പിക്കുന്നത്.

പ്രധാനപ്പെട്ട വിദേശ ഭാഷയെന്ന പരിഗണനയിലാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. ഫ്രഞ്ച്, ജര്‍മന്‍ ഭാഷകള്‍ പഠിക്കാനും സ്ഥാപനത്തില്‍ സൗകര്യമുണ്ട്. പി ടി എ കമ്മിറ്റിയുടെ അനുമതിയോടെ സാധാരണ സ്‌കൂള്‍ സമയത്തിന് പുറമെ അധിക സമയം കണ്ടെത്തിയാണ് ഇവ പഠിപ്പിക്കുന്നത്. അതും താത്പര്യമുള്ളവര്‍ക്ക് മാത്രം. ഒരു ഭാഷാപഠനത്തിനും നിര്‍ബന്ധിക്കുന്നില്ല. ഇക്കാര്യങ്ങളൊന്നും അറിയാതെയായിരിക്കില്ല രാമസേനക്കാര്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറിയത്. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭാഷയായ അറബിയും ഹീബ്രുവും ഉര്‍ദുവുമെല്ലാം ഇവരുടെ കണ്ണിലെ കരടാണ്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗം തന്നെയാണ് ഭാഷകള്‍ക്കെതിരായ നീക്കവും.

അറബിയെ ഇസ്‌ലാമിന്റെ ഭാഷയായി കാണുന്നവര്‍ ലോക ചരിത്രം അറിയാത്തവരും അറബിയുടെ പ്രാധാന്യവും അതിന്റെ ആഗോള സാധ്യതകളെക്കുറിച്ചു മനസ്സിലാക്കാത്തവരുമാണ്. 22 രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണത്. ലോകമെമ്പാടുമായി അറബി ഉപയോഗിക്കുന്ന പരകോടികള്‍ വേറെയുമുണ്ട്. ഇംഗ്ലീഷ് മാറ്റിനിര്‍ത്തിയാല്‍ മതപരവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന അറബി ഭാഷ ഐക്യരാഷ്ട്ര സഭ അംഗീരിച്ച ആറ് ഭാഷകളിലൊന്നാണ്. മുസ്‌ലിംകള്‍ മാത്രമല്ല ഹൈന്ദവ സഹോദരന്മാര്‍ ഉള്‍പ്പെടെ ഇതര മതസ്ഥരില്‍ പെട്ട അനേകരുമുണ്ട് അറബി ഭാഷയുടെ ഗുണഭോക്താക്കളില്‍.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി അറബി നാടുകള്‍ പല തൊഴിലുകളും വ്യാപാരമേഖലയിലെ പല വിഭാഗങ്ങളും സ്വന്തം നാട്ടുകാര്‍ക്ക് മാത്രമായി നീക്കിവെക്കുന്നതിനൊപ്പം അറബി കൂടുതല്‍ വ്യാപകമാക്കി വരികയുമാണ്.

ഇതോടെ അറബ്‌നാടുകളില്‍ ജോലിക്കെത്തുന്ന വിദേശികളും അറബ്ഭാഷ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. മാത്രമല്ല, ട്രാന്‍സലേഷന്‍, ഫംഗ്ഷനല്‍ അറബിക്, അറബിക് വെബ് എഡിറ്റിംഗ് തുടങ്ങി അറബി അറിയുന്നവരെ കാത്തിരിക്കുന്ന ഒട്ടനേകം തൊഴിലുകളുമുണ്ട് ഗള്‍ഫ് നാടുകളില്‍. ഇത് ഉപയോഗപ്പെടുത്താന്‍ പഠനം ആവശ്യമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അറബ് നാടുകളില്‍ തൊഴിലെടുക്കുന്നുണ്ട്. ജോലി ചെയ്യുന്ന നാടിന്റെ ഭാഷ അറിയുന്നത് അവിടുത്തെ തൊഴില്‍ ലഭ്യതക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയും തദ്ദേശീയരുമായുള്ള ബന്ധം ദൃഢമാക്കാന്‍ സഹായിക്കുകയും ചെയ്യും.

സഊദിയിലും കുവൈത്തിലും തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍, ഇതു സംബന്ധിച്ചു സഊദി സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നതിന് സഊദിയിലേക്ക് തിരിക്കുകയാണ് വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. ഇന്ത്യക്കാരുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ചാവിഷയം. ഈ ഘട്ടത്തില്‍ അറബി ഭാഷക്കെതിരെ രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നത് ഇന്ത്യയോടുള്ള അറബ് രാഷ്ട്രങ്ങളുടെ നല്ല മനോഭാവം ഇല്ലാതാക്കുകയും തൊഴില്‍ സാധ്യതക്ക് കൂടുതല്‍ മങ്ങലേല്‍പിക്കുകയും ചെയ്യും. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ നയം അതിന്റെ സാമ്പത്തിക പുരോഗതിക്ക് കൂടി ഊന്നല്‍ നല്‍കുന്നതാകണം. മതസങ്കുചിത ചിന്തയില്‍ അറബിയെ തഴയുമ്പോള്‍ അത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് കൂടി ദോഷം ചെയ്യുമെന്ന വസ്തുത ഭാഷാ വിരോധികള്‍ വിസ്മരിക്കരുത്.

Latest