അബുദാബിയില്‍ താമസക്കാര്‍ക്ക് സൗജന്യ പാര്‍കിംഗ് ഉറപ്പു വരുത്തണം

Posted on: August 1, 2016 3:50 pm | Last updated: August 1, 2016 at 3:50 pm

dubai parkingഅബുദാബി: സ്വകാര്യ അപ്പാര്‍ട്‌മെന്റുകള്‍ക്ക് നിയമം കര്‍ശനമാക്കികൊണ്ട് അബുദാബി നഗരസഭ ഗതാഗതകാര്യ വകുപ്പ്. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ക്കും വസ്തു ഉടമകള്‍ക്കുമാണ് നിയമം കര്‍ശനമാക്കുന്നത്. കെട്ടിടത്തിലെ താമസ അപ്പാര്‍ട്‌മെന്റുകളുടെ അടിസ്ഥാനത്തില്‍ താമസക്കാര്‍ക്ക് ഓരോ ഫ്രീ പാര്‍കിംഗ് സൗകര്യം ഒരുക്കണമെന്ന് 18/2009 നമ്പര്‍ ഉത്തരവിന്റെ അനുഗുണമായി നഗരസഭയുടെ ഗതാഗതകാര്യ വകുപ്പ് (ഡി എം എ ടി) ആവശ്യപ്പെട്ടത്.

പാര്‍കിംഗ് സൗകര്യമൊരുക്കുന്നതിന് പ്രത്യേകിച്ച് ഫീസ് ഈടാക്കരുത്. പുതിയ കെട്ടിട നിര്‍മാണ രൂപരേഖകളില്‍ പാര്‍കിംഗിനായുള്ള സൗകര്യങ്ങള്‍ അടയാളപ്പെടുത്തണം. ഒട്ടനവധി അപ്പാര്‍ട്‌മെന്റുകളുള്ള കെട്ടിടത്തില്‍ പഴയകാല താമസക്കാര്‍ക്ക് ഫ്രീ പാര്‍കിംഗ് സൗകര്യം മുന്‍ഗണനാ പ്രാധാന്യത്തോടെ നല്‍കണം. താമസ-വാണിജ്യ സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണെങ്കില്‍ കെട്ടിടത്തിലെ താമസക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. കെട്ടിടത്തിലെ മുഴുവന്‍ താമസക്കാര്‍ക്കും പാര്‍കിംഗ് സൗകര്യം ഒരുക്കിയതിനു ശേഷം പാര്‍കിംഗ് ഇടങ്ങള്‍ അവശേഷിക്കുന്നുവെങ്കില്‍ കെട്ടിടത്തില്‍ വാണിജ്യാവശ്യത്തിന് കൂടുതല്‍ മുറികള്‍ കൈവശമുള്ളവര്‍ക്ക് ശേഷിക്കുന്നവ അനുവദിക്കണം. വാണിജ്യ-ഓഫീസ് ആവശ്യങ്ങള്‍ക്ക് മാത്രമായുള്ള കെട്ടിടങ്ങളില്‍ കൂടുതല്‍ തുകയില്‍ വാടകക്ക് കെട്ടിട ഭാഗങ്ങള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നിര്‍മിച്ച കെട്ടിടങ്ങളും ശേഷം നിര്‍മിച്ച കെട്ടിടങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.