മാസങ്ങളായി ശമ്പളമില്ല; ഒമാനില്‍ തൊഴിലാളികള്‍ എംബസിയിലേക്ക്

Posted on: August 1, 2016 3:43 pm | Last updated: August 1, 2016 at 3:43 pm

oman laboursമസ്‌കത്ത്: കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതിയുമായി ഇന്ത്യന്‍ തൊഴിലാളികള്‍ എംബസിയില്‍ പരാതി ബോധിപ്പിക്കുന്നതിനായി എത്തി. ജബല്‍ ശംസിന്റെ പരിസരത്തുള്ള ഒരു റിസോര്‍ട്ട് പണിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഫെബ്രുവരി 23ന് അവിടെത്തന്നെയുള്ള ഒരു നിര്‍മാണ കമ്പനിയിലേക്ക് ജോലിക്കെത്തിയത്. ഈ കമ്പനിയിലെ 11 പേരാണ് പരാതിയുമായെത്തിയത.്

ആന്ധ്ര സ്വദേശികളായ ഇവര്‍ ഹൈദരാബാദിലെ ഒരു ഏജന്റിന് 80,000 രൂപ കമ്മീഷന്‍ കൊടുത്താണ് വിസ ലഭ്യമാക്കിയത്. പാസ്‌പോര്‍ട്ട് ഉള്‍പെടെയുള്ള നിയമപരമായ രേഖകളെല്ലാം തൊഴിലുടമയുടെ കൈയിലാണ്. 150 റിയാല്‍ വേതനം നല്‍കാമെന്ന് കരാറില്‍ പറയുന്നുവെന്നും ഇന്നാല്‍ ഇത് ലഭിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
ഓരോ മാസവും ശമ്പളം ആവശ്യപ്പെടുമ്പോള്‍ വ്യത്യസ്ഥ തിയതികളില്‍ താരമെന്ന് വാഗ്ദാനം നല്‍കി കമ്പനിയുടമ ഒഴിഞ്ഞു മാറുകയാണെന്നും അവസാനം ശമ്പളം തരാനാകില്ല, നിങ്ങള്‍ക്ക് പോകാം എന്ന് അറിയിച്ചത് കൊണ്ടാണ് എംബസിയില്‍ പരാതി പറയാന്‍ വന്നത് എന്നും തൊഴിലാളികള്‍ അറിയിച്ചു.

മൊത്തം 15 പേര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ശമ്പളം ലഭിക്കാത്തതിനാല്‍ രണ്ട് ബഗ്ലാദേശി സ്വദേശികള്‍ നേരത്തേ കമ്പനിയില്‍ നിന്ന് ഒഴിഞ്ഞു പോയി എന്നും തങ്ങളെ കൂടാതെ ഇനി രണ്ട് പേര്‍ മാത്രമാണ് കമ്പനിയില്‍ ബാക്കിയുളളതെന്നും തൊഴിലാളികള്‍ അറിയിച്ചു. വന്നയുടനെ വിസയും റസിഡന്റ് കാര്‍ഡുമൊക്കെ ലഭിച്ചെങ്കിലും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ റസിഡന്റ് കാര്‍ഡ് തൊഴിലുടമ പിടിച്ചുവെച്ചെന്നും തൊഴിലാളികള്‍ പറയുന്നു. സാമൂഹിക പ്രവര്‍ത്തകരുടെ അടുത്ത് കഴിയുന്ന ഇവര്‍ അവരുടെ സഹായത്തോടെ ഇന്ന് എംബസിയില്‍ പരാതി ബോധിപ്പിക്കും.