Connect with us

Eranakulam

നെടുമ്പാശ്ശേരിക്ക് 'ഡാര്‍ട്ട്'

Published

|

Last Updated

പ്രദര്‍ശിപ്പിച്ച ഉപകരണങ്ങള്‍

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിനും വേണ്ടിയുള്ള ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീം (ഡാര്‍ട്ട്) പൂര്‍ണ സജ്ജമായി. ഇതിനാവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ ജര്‍മനി, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീമിന് ലഭ്യമായി.

യന്ത്രത്തകരാര്‍ മൂലം റണ്‍വെയിലോ സമീപത്തോ കേടുപറ്റിക്കിടക്കുന്ന വിമാനങ്ങള്‍ അറ്റകുറ്റപ്പണിക്കായി ഹാംഗറിലേക്ക് മാറ്റാന്‍വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള ടീമാണ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീം. കേടുപറ്റിയ വിമാനം വേഗം മാറ്റുക വഴി റണ്‍വെ ഏറെ നേരം അടച്ചിടുന്നത് ഒഴിവാക്കാനാകും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അനുശാസിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ ഏട്ടംഗ ഡിസേബിള്‍ഡ് എയര്‍ക്രഫ്റ്റ് റിക്കവറി ടിമിന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഫ്രാപോര്‍ട്ട് എ ജി ഫയര്‍ ട്രയിനിംഗ് സെന്ററില്‍ നിന്ന് പരിശീലനം ലഭിച്ചുട്ടുണ്ട്. ഇതുകൂടാതെ 18 പേര്‍ക്ക് നെതര്‍ലാന്‍ഡ്‌സിലെ റെസ്‌ക്യൂടെക് എന്ന സ്ഥാപനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പരിശീലനം നല്‍കുകയും ചെയ്തിരുന്നു.

വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം വീല്‍ സംവിധാനം തകരാറിലായ വിമാനങ്ങളെ വലിച്ച് കൊണ്ടുപോകുന്നതിനുള്ള ഡിബോഗിംഗ് കിറ്റ്, ചെളിയിലാണ്‍ വിമാനത്തെ ഉയര്‍ത്താനുള്ള എയര്‍ക്രാഫ്റ്റ് ടെതറിംഗ് എക്യുപ്‌മെന്റ്, ലാന്‍ഡിംഗ് ഗിയറിന് കേടുവന്ന വിമാനത്തെ നീക്കാനുള്ള ഡോളി ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഏഴേകാല്‍ കോടി രൂപയുടെ ഉപകരണങ്ങളാണ് കൊച്ചി വിമാനത്താവളത്തിലെ ഡാര്‍ട്ടിന് ഇപ്പോള്‍ കൈവന്നത്. മൂന്ന് ജീപ്പുകളും ഡാര്‍ട്ടിനായി സിയാല്‍ നല്‍കിയിട്ടുണ്ട്.

മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്റെ നിര്‍ദേശപ്രകാരം 2012ലാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീം രൂപവത്കരിച്ചത്. അന്ന് ഗള്‍ഫ് എയര്‍ വിമാനം റണ്‍വെയില്‍ നിന്ന് വഴുതി ലഘുവായ അപകടം സംഭവിച്ചിരുന്നു. മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ റിക്കവറി ടീം കൊച്ചിയിലെത്തിയാണ് കേടുപറ്റിയ വിമാനത്തെ ഹാംഗറിലേക്ക് മാറ്റിയത്.
ഇതേത്തുടര്‍ന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഡാര്‍ട്ട് വേണമെന്ന ചിന്തയുണ്ടായത് മറ്റ് വിമാനത്താവളങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം എയര്‍ക്രാഫ്റ്റ് റിക്കവറിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡാര്‍ട്ടിന് കഴിയും. ഇന്ത്യയിലാദ്യമായി സിയാലാണ് എയര്‍പോര്‍ട്ട് ഓപറേറ്റര്‍ എന്ന നിലയില്‍ എയര്‍ക്രാഫ്റ്റ് റിക്കവറി ടീം സജ്ജമാക്കുന്നത്.