ഇടത് ഐക്യത്തെക്കുറിച്ച് സി പി എം പഠിപ്പിക്കേണ്ടെന്ന് സി പി ഐ

Posted on: August 1, 2016 12:56 am | Last updated: August 1, 2016 at 10:58 am
SHARE

കൊച്ചി: ഇടതു ഐക്യത്തിന്റെ പ്രാധാന്യം കാനം രാജേന്ദ്രനെയും സി പി ഐയെയും സി പി എം പഠിപ്പിക്കേണ്ടെന്ന് സി പി ഐ ജില്ലാ നേതൃത്വം. ഉദയംപേരൂരില്‍ 700ഓളം സി പി എം പ്രവര്‍ത്തകരെ സി പി ഐയിലേക്ക് സ്വീകരിച്ച് ചടങ്ങ് സംഘടിപ്പിച്ച പ്രശ്‌നത്തില്‍ കാനം രാജേന്ദ്രനെതിരെ സി പി എം ജില്ലാ സെക്രട്ടറി രൂക്ഷമായ ഭാഷയില്‍ പുറത്തിറക്കിയ പ്രസ്താവനക്ക് അതേനാണയത്തില്‍ മറുപടി നല്‍കി സി പി ഐ ജില്ലാ നിര്‍വാഹക സമിതിയും ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കി. ഇതോടെ ജില്ലയില്‍ സി പി ഐ- സി പി എം തര്‍ക്കം രൂക്ഷമായി.

മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ലെന്നും മുഖം വികൃതമാകാതെ നോക്കുകയാണ് വേണ്ടതെന്നും സി പി ഐ പറയുന്നു. ഇടതു ഐക്യമെന്നത് സി പി എമ്മിന്റെ കുത്തകയല്ല. അവര്‍ പറയുന്നത് മാത്രമാണ് ഇടതു ഐക്യം എന്നു പറയുന്നത് പ്രശ്‌നത്തെ കുഴല്‍ക്കണ്ണാടിയിലൂടെ നോക്കിക്കാണുന്നവരാണ്. ഏതെങ്കിലും ഒരു പാര്‍ട്ടി വിചാരിച്ചാല്‍ പൊട്ടിപോകുന്നതല്ല ഇടതുപക്ഷ ഐക്യം. ഇക്കാര്യം സി പി എം ജില്ലാ നേതൃത്വം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. സി പി ഐയുടെ ആശയമാണ് ശരി എന്നു തോന്നുന്നവരാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പാര്‍ട്ടി പിളര്‍ത്തിയവര്‍ക്ക് അന്നില്ലാത്ത കമ്മ്യൂണിസ്റ്റ് സ്‌നേഹം ഇന്നുണ്ടാകുന്നത് അതിശയകരമാണെന്നും പ്രസ്താവനയില്‍ പരിഹസിക്കുന്നു. സി പി എം വിട്ടുവരുന്നവരെല്ലാം മോശക്കാരും സി പി ഐവിട്ട് സി പി എമ്മില്‍ ചേരുന്നവരെല്ലാം ഉത്തമന്മാരുമെന്ന ധാരണ ആടിനെ പട്ടിയാക്കുന്ന സമീപനമാണ്. ട്രേഡ് യൂനിയന്‍ വിഷയത്തില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ അന്ന് നടപടിയെടുക്കേണ്ടിയിരുന്നു. നട്ടെല്ലുള്ള പാര്‍ട്ടിയാണെങ്കില്‍ അതാണ് ചെയ്യുക.
സി പി എം കൊലപ്പെടുത്തിയ സുഭാഷിന്റെ സ്മാരക മന്ദിരം വിട്ടുതന്ന് സി പി എം മാന്യത കാണിക്കണം. സി പി ഐക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചിട്ടും സ്മാരകം സി പി എം കൈയടക്കി വെച്ചിരിക്കുകയാണ്. ഉദയംപേരൂര്‍, പള്ളുരുത്തി, മുളന്തുരുത്തി, നേര്യമംഗലം, കവളങ്ങാട്, എളങ്കുന്നപ്പുഴ മേഖലകളില്‍നിന്ന് സി പി ഐയിലേക്ക് ചേര്‍ന്നവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ ഡി എഫിന് വേണ്ടി പ്രവര്‍ത്തിച്ചവരാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.