Connect with us

Ongoing News

ഇന്ത്യ മികച്ച സ്‌കോറില്‍; രാഹുലിന് സെഞ്ച്വറി

Published

|

Last Updated

കിംഗ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ആദ്യ ഇന്നിങ്‌സില്‍ 196 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയ ഇന്ത്യ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ (158) 358 റണ്‍സെടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇന്ത്യ കരുതലോടെയായിരുന്നു ഒന്നാം ഇന്നിങ്‌സ് തുടങ്ങിയത്. ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് 87 റണ്‍സിന്റെ ഭേദപ്പെട്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുയര്‍ത്താനും കഴിഞ്ഞു. 27 റണ്‍സിലത്തെിയപ്പോള്‍ ഓഫ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ഡാരന്‍ ബ്രാവോ പിടിച്ച് ധവാന്‍ പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ലോകേഷ്പുജാര കൂട്ടുകെട്ട് കൂടുതല്‍ നഷ്ടങ്ങള്‍ക്ക് ഇടംകൊടുത്തില്ല. രാഹുല്‍ മെല്‌ളെ സ്‌കോര്‍ ചെയ്യുമ്പോള്‍ മറുവശത്ത് പുജാര കല്ലുപോലെ ഉറച്ചുനിന്നു. ചേസിനെ സിക്‌സറിന് പറത്തിയായിരുന്നു ടെസ്റ്റില്‍ ലോകേഷിന്റെ മൂന്നാം സെഞ്ച്വറി. 46 റണ്‍സെടുത്ത പൂജാര റണ്‍ ഔട്ട് ആയാണ് മടങ്ങിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി 44 റണ്‍സെടുത്തു പുറത്തായി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ അശ്വിന് മൂന്ന് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അജങ്ക്യ രഹാനെ(42)യും വൃദ്ധിമാന്‍ സ്വാഹയുമാണ്(17) ഇപ്പോള്‍ ക്രീസില്‍.

നേരത്തെ, വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 196ല്‍ അവസാനിച്ചിരുന്നു. ഒരിക്കല്‍ കൂടി അശ്വിന്‍ മിന്നിത്തിളങ്ങിയപ്പോള്‍ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്ന് തരിപ്പണമായി. ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ 52.3 ഓവര്‍ മാത്രമാണ് വിന്‍ഡീസിന് പിടിച്ചുനില്‍ക്കാനായത്. 52 റണ്‍സ് വഴങ്ങി ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു.
ലഞ്ചിന് പിരിയുമ്പോള്‍ 83/4 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട വിന്‍ഡീസിന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരു പഴുതു പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയില്ല. സ്‌കോര്‍ 115ല്‍ നില്‍ക്കെ സാമുവല്‍സിലൂടെ വിന്‍ഡീസിന് അഞ്ചാം വിക്കറ്റ് നഷ്ടമായി. അശ്വിന്റെ പന്തില്‍ ലോകേഷ് രാഹുല്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഡൗറിച്ചി (5) നെയും വീഴ്ത്തി അശ്വിന്‍ ആതിഥേയരെ വരിഞ്ഞുമുറുക്കി. ഇത്തവണ വിക്കറ്റ് കീപ്പര്‍ സാഹക്കായിരുന്നു ക്യാച്ച്.
പത്ത് റണ്‍സെടുത്ത ചെയ്‌സിനെ മുഹമ്മദ് ഷാമി മടക്കിയയച്ചു. 131/7 എന്ന നിലയിലായിരുന്നു വിന്‍ഡീസ് സ്‌കോര്‍. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ദേവേന്ദ്ര ബിഷൂ 12 റണ്‍സെടുത്ത് പുറത്തായി. അശ്വിന്റെ പന്തില്‍ ധവാന് ക്യാച്ച് നല്‍കി. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹോള്‍ഡറിനെ രാഹുലിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ തന്റെ അഞ്ചാം വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇതോടെ അശ്വിന്‍ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പമെത്തി. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ അഞ്ച് വിക്കറ്റ് പ്രകടനം എന്ന അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പമാണ് അശ്വിന്‍ എത്തിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ആര്‍ അശ്വിന്‍. അശ്വിനെയും കുംബ്ലയെയും കൂടാതെ ഭഗത് ചന്ദ്രശേഖറും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ അശ്വിന്‍ 83 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു.
മുപ്പത്തിനാലാമത്തെ ടെസ്റ്റ് കളിക്കുന്ന ആര്‍ അശ്വിന്‍ ഇത് പതിനെട്ടാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. 15 റണ്‍സെടുത്ത ഷാന്നണ്‍ ഗബ്രിയേലിനെ പുറത്താക്കിയ മിശ്ര വിന്‍ഡീസ് പതനം പൂര്‍ത്തിയാക്കി. 24 റണ്‍സുമായി കുമ്മിന്‍സ് പുറത്താകാതെ നിന്നു.