ഇന്ത്യയില്‍ ചൈന വ്യോമ നിരീക്ഷണം നടത്തി

Posted on: August 1, 2016 9:28 am | Last updated: August 1, 2016 at 12:48 pm
SHARE

AIR CRAFTന്യൂഡല്‍ഹി:ഉത്തരാഖണ്ഡിലെ ബറാഹോത്തിയില്‍ അതിക്രമിച്ചു കടക്കുന്നതിന് മുമ്പ് ചൈനീസ് സൈന്യം മേഖലയില്‍ വ്യോമ നിരീക്ഷണം നടത്തി. സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാറുകള്‍ (എസ് എ ആര്‍) ഘടിപ്പിച്ച അത്യാധുനിക എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് മേഖലയില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിരീക്ഷണം നടത്തിയതായി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ട്യുപോലോവ് ടു 153 എം എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് ഈ വര്‍ഷം ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ടോ മൂന്നോ തവണ ചൈനീസ് സൈന്യം നിരീക്ഷണം നടത്തിയതായാണ് വിവരം.

യു എസ് എസ് ആറില്‍ നിന്ന് ലഭിച്ച സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ചൈനീസ് കമ്പനികള്‍ നിര്‍മിച്ച എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് മൂന്ന് തവണ അതിര്‍ത്തി പ്രദേശത്ത് നിരീക്ഷണം നടത്തിയതായി ബറാഹോത്തി കടന്നുകയറ്റത്തിനു ശേഷം രഹസ്യാന്വേഷണ റിപ്പാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ബറാഹോത്തിയില്‍ ഈ മാസം ആദ്യമാണ് ഇരുപത് മുതല്‍ ഇരുപത്തഞ്ച് വരെ സൈനികരടങ്ങുന്ന ചൈനീസ് സംഘം കടന്നുകയറിയത്. ഇന്ത്യന്‍, ചൈനീസ് സേനകള്‍ ഒരു മണിക്കൂറോളം മുഖാമുഖം നിന്ന ശേഷം പിന്മാറുകയായിരുന്നു. എണ്‍പത് ചതുരശ്ര കിലോമീറ്റര്‍ വരുന്ന ചരിഞ്ഞ പുല്‍മേടാണ് ബറാഹോത്തി. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിനിടെ ഈ മേഖലയില്‍ ചൈന കൈയേറ്റത്തിന് ശ്രമിച്ചിരുന്നില്ല. യുദ്ധത്തിനു ശേഷം ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ ടി ബി പി) സ്ഥിരമായി ഇവിടെ പട്രോളിംഗ് നടത്തിയിരുന്നു.

ഇരു രാജ്യങ്ങളും നിരായുധ മേഖലയായി പ്രഖ്യാപിച്ച ജില്ലയാണ് ചമോലി. ചൈനയുമായുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ ബറാഹോത്തി, കൗറില്‍, ഷിപ്കി എന്നിവിടങ്ങളില്‍ ഐ ടി ബി പി പട്രോളിംഗ് നടത്തുമ്പോള്‍ ആയുധങ്ങള്‍ ഉപയോഗിക്കാറില്ല. സാധാരണ വേഷങ്ങളിലാണ് പട്രോളിംഗ് നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here