Connect with us

Editorial

അമേരിക്കന്‍ പ്രസിഡന്റ് പോര്

Published

|

Last Updated

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചിത്രം വ്യക്തമായിരിക്കുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ഹിലാരി ക്ലിന്റണും മത്സരിക്കും. പ്രസിഡന്റ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള ദീര്‍ഘമായ നടപടിക്രമങ്ങള്‍ ലോകത്തെ എല്ലാ മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയായിരുന്നു. മറ്റൊരു രാജ്യത്തെ രാഷ്ട്രത്തലവനെ കണ്ടെത്താനുള്ള വോട്ടെടുപ്പിനും ഇത്ര മാധ്യമ പ്രാധാന്യം സിദ്ധിക്കാറില്ല. ലോകം ഏകധ്രുവമാണെന്നും ഏത് രാജ്യത്തെയും നിര്‍ണയിക്കാനുള്ള നേതൃശേഷി അമേരിക്കക്കുണ്ടെന്നും സമ്മതിച്ചു കൊടുക്കലാണ് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇത്രക്ക് പേജും സമയവും മാധ്യമങ്ങള്‍ ചെലവാക്കുക വഴി സംഭവിക്കുന്നത്.

അമേരിക്കയില്‍ ആര് പ്രസിഡന്റായി വരുമെന്നത് ലോകത്തിന്റെയാകെ ഗതി നിര്‍ണയിക്കുമെന്ന തരത്തിലാണ് വിശകലനങ്ങള്‍ മുന്നേറുന്നത്. യു എന്നില്‍ വീറ്റോ അധികാരമുളള രാജ്യമാണ് അമേരിക്ക. ഏറ്റവും ശക്തമായ സൈനിക ശേഷി ആ രാജ്യത്തുനുണ്ട്. ആഗോള സ്വീകാര്യതയില്‍ ഇന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന നാണയമാണ് അമേരിക്കയുടെ ഡോളര്‍. ഏത് രാജ്യത്തും ഇടപെടല്‍ നടത്താനുള്ള സ്വയംപ്രഖ്യാപിത അധികാരം നിലനിര്‍ത്താന്‍ ആളും അര്‍ഥവും ആയുധവും വ്യയം ചെയ്തു കൊണ്ടേയിരിക്കുന്നു അമേരിക്ക. ലോകരാജ്യങ്ങള്‍ തമ്മിലുള്ള ഏത് പ്രശ്‌നത്തിലും യു എസിന്റെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പങ്കാളിത്തമുണ്ട്. ഭീകരവിരുദ്ധ ദൗത്യത്തിന്റെ നേതൃപദവിയും ഈ രാജ്യം അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളും ഇടപെടലുകളും ശക്തിപ്രകടനങ്ങളുമാണ് അമേരിക്കന്‍ പ്രസിഡന്റിനെ ഏറ്റവും വലിയ അധികാരിയായി മാറ്റുന്നത്.

ദ്വികക്ഷി സമ്പ്രദായം നിലനില്‍ക്കുന്ന അമേരിക്കയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ നയപരമായി വലിയ അന്തരമില്ല. നവ ഉദാരവത്കരണ നയം തുടരണമെന്നതില്‍ അഭിപ്രായാന്തരമില്ല. പ്രതിരോധ, സൈനിക വിഷയങ്ങളിലും ഭിന്നതയില്ല. സാമാന്യമായി അമേരിക്കന്‍ മേധാവിത്വ സൃഷ്ടിയെ ഈ രണ്ട് പാര്‍ട്ടികളും പിന്തുണക്കുന്നു. എന്നാല്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ ചില വ്യത്യാസങ്ങള്‍ കാണാനാകും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അതിസമ്പന്നരുടെ കൂടെയാണ് എക്കാലത്തും. വന്‍കിട വ്യവസായ സമൂഹത്തിന്റെ ഉന്നതിയിലൂടെയാണ് രാജ്യം വളരേണ്ടതെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ കഴിയുന്നത്ര പിന്‍വാങ്ങണമെന്നതാണ് അവരുടെ പക്ഷം.

യുദ്ധോത്സുകരാണ് റിപ്പബ്ലിക്കന്‍മാര്‍. ആ അര്‍ഥത്തില്‍ തീവ്രമുതലാളിത്തത്തിന്റെ വക്താക്കളാണ് അവര്‍. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അല്‍പ്പം മിതത്വം പുലര്‍ത്തുന്നു. സാധാരണക്കാരെക്കൂടി അവര്‍ പരിഗണിക്കുന്നു. കൂടുതല്‍ സമ്പന്നന്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് അവര്‍ വാദിക്കുന്നു. കുറേക്കൂടി സൗഹൃദപൂര്‍ണമായ വിദേശനയം പുലര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു.
എന്നാല്‍ അമേരിക്കന്‍ ഭരണകൂടം തീര്‍ത്തും തുടര്‍ച്ചയാണ്. ഒരു പ്രസിഡന്റിന് മാത്രമായി കാര്യങ്ങള്‍ അപ്പടി മാറ്റാനാകില്ല.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആ രാജ്യത്തെ നയിക്കുന്നത് രാഷ്ട്രീയ നയങ്ങളല്ല, മറിച്ച് സാമ്പത്തിക നയങ്ങളാണ്. രാജ്യത്തിന്റെ ഏത് തീരുമാനവും സാമ്പത്തിക വരും വരായ്കകളെ ആസ്പദമാക്കിയാണ്. അതുകൊണ്ട് മുന്‍ഗണനകളില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ അസാധ്യമായി വരുന്നു. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം ബരാക് ഒബാമ തന്നെയാണ്. മാറ്റത്തിനായി പ്രസിഡന്റായ അദ്ദേഹത്തിന് രണ്ട് ഊഴം പിന്നിടുമ്പോഴും പ്രഖ്യാപനങ്ങള്‍ പലതും പ്രാവര്‍ത്തികമാക്കാനായില്ല. കറുത്ത വര്‍ഗക്കാരെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ ക്രമം സാധ്യമാക്കാന്‍ പോലും സ്വയം അഫ്രോ- അമേ രിക്കനായ അദ്ദേഹത്തിന് സാധിച്ചില്ല. ഗ്വാണ്ടനാമോ അടച്ചുപൂട്ടിയിട്ടില്ല. യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ വന്ന ഒബാമക്ക് എത്ര യുദ്ധങ്ങള്‍ തുടങ്ങേണ്ടി വന്നു? ഇസ്‌റാഈലിനെതിരെ ചെറുവരലനക്കാന്‍ സാധിച്ചോ?

ഈ പശ്ചാത്തലത്തില്‍ വേണം ട്രംപിന്റെയും ഹിലാരിയുടെയും സ്ഥാനാര്‍ഥിത്വം വിലയിരുത്തേണ്ടത്. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാകാനാണ് ഹിലാരി ദോഗയില്‍ ഇറങ്ങുന്നത്. ഒബാമ ഭരണകൂടത്തില്‍ വിദേശകാര്യ സെക്രട്ടറിയായുള്ള പ്രവര്‍ത്തന പരിചയം അവര്‍ക്കുണ്ട്. നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ചു. അമേരിക്കയിലെ സാമാന്യ ജനതയില്‍ നല്ല സ്വീകാര്യത ലഭിക്കാന്‍ ഉതകുന്ന നിരവധി ഗുണങ്ങളുള്ള രാഷ്ട്രീയക്കാരിയാണ് അവര്‍. ട്രംപ് രാഷ്ട്രീയക്കാരനേയല്ല. വ്യവസായിയാണ്. കുപ്പിവെള്ളം മുതല്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം വരെ 45,000 കോടി ഡോളറിന്റെ മള്‍ട്ടി നാഷനല്‍ ബിസിനസ്സിനുടമയാണ് അദ്ദേഹം.

മുസ്‌ലിംകളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുത്, കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ വേണം, അമേരിക്കയില്‍ തൊഴില്‍രാഹിത്യമുണ്ടാക്കുന്നത് വിദേശികളാണ്. ഇങ്ങനെ പോകുന്നു ട്രംപിന്റെ ആശയഗതികള്‍. യൂറോപ്പിലാകെ പടര്‍ന്ന് പിടിക്കുന്ന തീവ്രവലതുപക്ഷ, കുടിയേറ്റവിരുദ്ധതയുടെ ചാമ്പ്യനാണ് ട്രംപ്.

ട്രംപിന് ചില സര്‍വേകള്‍ മേല്‍ക്കൈ കല്‍പ്പിക്കുന്നുണ്ട്. പ്രചാരണത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ അവസാനിക്കാവുന്ന പ്രതീക്ഷ മാത്രമാണ് ഇത്. അതിനര്‍ഥം അമേരിക്കന്‍ തീവ്രവലതുപക്ഷ തരംഗത്തില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്നല്ല, മറിച്ച് ആ രാജ്യത്തിന്റെ വ്യവസായിക, സാമ്പത്തിക താത്പര്യങ്ങള്‍ക്ക് ട്രംപിന്റെ നിലപാടുകള്‍ അനുയോജ്യമല്ലെന്നാണ്. ട്രംപിന്റെ ആക്രോശങ്ങള്‍ ആളെക്കൂട്ടുന്നുണ്ടാകാം. പക്ഷേ, യു എസിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്നത് വന്‍കിട ബിസിനസ്സ് ഹൗസുകളാണ്. അവര്‍ ഹിലാരിയെ പിന്തുണക്കാനാണ് സാധ്യത.

Latest