ഗീതാ ഗോപിനാഥിന്റെ നിയമനത്തില്‍ ഇടപെടില്ലെന്ന് പിബി

Posted on: July 31, 2016 4:42 pm | Last updated: August 1, 2016 at 10:56 am
SHARE

geetha gopinath2ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥിനെ നിയമിച്ചതില്‍ ഇടപെടേണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനം. ഗീതയുടെ നിയമനത്തില്‍
സംസ്ഥാന സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് നിലപാടിലാണ് പി.ബി എത്തിയത്.

എന്നാല്‍, ഗീതയുടെ നിയമനത്തില്‍ പി.ബി അംഗങ്ങളില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് വിശദ ചര്‍ച്ച വേണമെന്ന് അംഗങ്ങളാരും തന്നെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. ഗീതയെ നിയമിക്കാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വിശദീകരിച്ചു. നിയമനം വിവാദമാക്കേണ്ടതില്ലെന്ന് പിണറായി പറഞ്ഞു. തുടര്‍ന്ന് സംസ്ഥാന വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടിയേരി, പി.ബി ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

ഗീതാ ഗോപിനാഥിനെ സാമ്പത്തികോപദേഷ്ടാവാക്കിയ തീരുമാനം പൊളിറ്റ്ബ്യൂറോ ഇടപെട്ടു തിരുത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചിരുന്നു. തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ ശക്തയായ വക്താവായ ഗീതയെ ഉപദേഷ്ടാവാക്കിയത് അനുചിതമാണ്. ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടുകള്‍ക്കു വിരുദ്ധമാണെന്നും നവലിബറല്‍ ആശയക്കാരിയെ ഉപദേഷ്ടാവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ആരോപണത്തോട് പി.ബി അംഗങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നെങ്കിലും ചര്‍ച്ച വേണമെന്ന് അംഗങ്ങളാരും തന്നെ ആവശ്യപ്പെട്ടില്ല. ഇതേ വിഷയത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ പ്രൊഫ. പ്രഭാത് പട്‌നായിക്കും കത്ത് നല്‍കിയിരുന്നു.