ദുബൈ എമിഗ്രേഷന്‍ മീഡിയ മോണിറ്ററിംഗ് സംവിധാനങ്ങള്‍ വിപുലപ്പെടുത്തി

Posted on: July 31, 2016 4:05 pm | Last updated: July 31, 2016 at 4:05 pm
SHARE
emigration
ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനുള്ള താമസ-കുടിയേറ്റ വകുപ്പിന്റെ അറിയിപ്പുകള്‍ ചിത്രീകരിക്കുന്ന മീഡിയ മോണിറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാര്‍

ദുബൈ: എമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന പൊതുജന പരാതികളെ നിരീക്ഷിക്കുന്ന മീഡിയ മോണിറ്ററിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തനസംവിധാനങ്ങള്‍ ദുബൈ താമസ-കുടിയേറ്റ വകുപ്പ് വിപുലപ്പെടുത്തി. മീഡിയ രംഗത്തെ മികച്ച സ്മാര്‍ട് സംവിധാനങ്ങള്‍കൊണ്ട് രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലും വരുന്ന പരാതികളുടെ നിജസ്ഥിതി മനസിലാക്കാനുള്ള സംവിധാനങ്ങളാണ് വിപുലപ്പെടുത്തിരിക്കുന്നത്.

വിവിധ ഭാഷാ മാധ്യമങ്ങളില്‍ വരുന്ന പരാതികള്‍ സ്മാര്‍ട് ഉപകരണങ്ങളുടെ സഹായത്തോടെ വിവര്‍ത്തനം ചെയ്ത് കാര്യങ്ങള്‍ മനസിലാക്കാനുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്. പത്രങ്ങള്‍, ടി വി ചാനലുകള്‍, വെബ് സൈറ്റുകള്‍ നവമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന പരാതികളുടെ നിജസ്ഥിതി മനസിലാക്കാനും തുടര്‍ നടപടികളുടെ ഭാഗമായി അന്വേഷണ വിഭാഗത്തിന് വേഗത്തില്‍ സന്ദേശങ്ങള്‍ കൈമാറാനും വകുപ്പിന് കഴിയും. മികച്ച രീതിയില്‍ സജ്ജീകരിച്ച ഓഫീസ്, സ്‌ക്രീന്‍, ടെലിപ്രാംപ്റ്റര്‍, അത്യാധുനിക കമ്പ്യൂട്ടറുകള്‍, എച്ച് ഡി ക്യാമറകള്‍, ഏറ്റവും മികച്ച സാങ്കേതിക സന്ദേശവാഹക ഉപകരണങ്ങള്‍ എല്ലാം മീഡിയ മോണിറ്ററിംഗ് വിഭാഗത്തില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കുറും പരാതികള്‍ ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്ത് ഫയലില്‍ രേഖപ്പെടുത്താനും ആവശ്യമുള്ള സമയത്ത് വിവരങ്ങള്‍ കൈമാറാനും ഈ വിഭാഗത്തിന് സാധിക്കും. വീഡിയോ ടേപ്പ്, ഓഡിയോ ടേപ്പ്, പത്ര കട്ടിംഗുകള്‍, വിവിധ ഭാഷയിലുള്ള ന്യൂസ് ലിങ്കുകള്‍ എല്ലാം ഇവിടെ തരം തിരിച്ച് സുക്ഷിച്ചിട്ടുണ്ട്.
വിവിധ മീഡിയകളിലുടെ പുറത്തുവരുന്ന താമസ-കുടിയേറ്റ പരാതികള്‍ പരിഹരിക്കാന്‍ ഈ ഓഫീസ് സഹായകരമാകും 2012ലാണ് ദുബൈ എമിഗ്രേഷന്‍ മീഡിയ മോണിറ്ററിംഗ് ഓഫീസ് സ്ഥാപിച്ചത്. വാര്‍ത്താസമ്മേളനങ്ങള്‍, അഭിമുഖങ്ങള്‍, വിവിധ എമിഗ്രേഷന്‍ പ്രോഗ്രാമുകള്‍, പുതിയ വിസാ നിയമങ്ങള്‍ എല്ലാം ഇവയിലുടെയാണ് പുറം ലോകത്തെത്തുന്നത്.
അതിനിടെ നവ മാധ്യമങ്ങളില്‍ ദുബൈ താമസ-കുടിയേറ്റ വകുപ്പിന്റെ സേവന മികവുകള്‍ അടയാളപ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ സോഷ്യല്‍ മീഡിയാ പരമ്പരയായ ‘സബാഹ് അല്‍ ഖൈര്‍ യാവത്വന്‍’ എന്ന പരിപാടിയിലുടെ ജീവനക്കാരുടെ സേവന മികവുകള്‍ മികച്ച രീതിയില്‍ പെതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിച്ചു. രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ബഹുമാനവും സേവന സന്നദ്ധതയുമാണ് ഈ പരിപാടിയിലുടെ ലക്ഷ്യം വെക്കുന്നതന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാര്‍ തങ്ങള്‍ക്ക് അന്നം നല്‍കുന്ന രാജ്യത്തോട് സ്‌നേഹം പ്രകടിപ്പിച്ച് ഈ പരിപാടിയിലുടെ സംസാരിച്ചിട്ടുണ്ട്. ജി ഡി ആര്‍ എഫ് എയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ‘സബാഹ് അല്‍ ഖൈര്‍ യാവത്വന്റെ 345 വീഡിയോകള്‍ പോസ്റ്റ് ചെയ്യിട്ടുണ്ട്. ജി ഡി ആര്‍ എഫ് എ ദുബൈ എന്ന് സെര്‍ച്ച് ചെയ്താല്‍ ഇത് കാണാന്‍ സാധിക്കും. വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ചിത്രങ്ങളും വാര്‍ത്തകളും ഉടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍ പ്രത്യേക സോഷ്യല്‍ മീഡിയ വിഭാഗം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്-ദുബൈ എന്നും ജി ഡി ആര്‍ എഫ് എ ദുബൈ എന്ന് സെര്‍ച്ച് ചെയ്ത് യു ട്യൂബിലൂടെയും വിവരങ്ങള്‍ ലഭ്യമാകും.
സാമൂഹിക മാധ്യമങ്ങള്‍ ഞങ്ങളുടെ പ്രധാന മീഡിയാ വിഭാഗമാണെന്ന് താമസ-കുടിയേറ്റ വകുപ്പ് ഉപ തലവന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. പൊതുജനങ്ങളിലേക്ക് വകുപ്പിന്റെ സന്ദേശം എളുപ്പത്തിലെത്തിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ ദുബൈയില്‍ എത്തുന്നുണ്ട്. അതുകൊണ്ട് അവര്‍ക്ക് ആവശ്യമായ വകുപ്പിന്റെ വിവരങ്ങള്‍ എത്രയും വേഗത്തില്‍ അവരിലെത്തിക്കുക എന്നാണ് ഞങ്ങളുടെ സേവനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മീഡിയ മോണിറ്ററിംഗ് വിഭാഗം ഫസ്റ്റ് ഓഫീസര്‍ അലി അബ്ദുര്‍റസാഖ് അല്‍ മജ്ജാന്‍, വാറന്റ് ഓഫീസര്‍ ഹിസ്സ അല്‍ ശംസി, ഫസ്റ്റ് കോര്‍പറല്‍ അബ്ദുല്ല അബ്ദുര്‍റസാഖ് അല്‍ മജ്ജാന്‍ സെര്‍ജിയന്റ് റാശിദ് എന്നിവര്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.