കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടില്ല: ഡിജിപി

Posted on: July 31, 2016 12:49 pm | Last updated: August 1, 2016 at 9:34 am
SHARE

kodiyeri

 

തിരുവനന്തപുരം: പയ്യന്നൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചില്ലെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഡി.ജി.പിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കില്ലെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.ജി, അഭിഭാഷകര്‍ എന്നിവരില്‍ നിന്നുള്ള നിയമോപദേശത്തിന്റെയും സമാന സുപ്രീംകോടതി വിധികളുടെയും അടിസ്ഥാനത്തില്‍ കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്ന് ഡി.ജി.പി തീരുമാനത്തിലെത്തിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

കോടിയേരിയുടെ പ്രസംഗത്തിനെതിരേ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വിഎം സുധീരനും രംഗത്ത് വന്നിരുന്നു. പ്രസംഗം പ്രകോപനം ഉണ്ടാക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതും ആണെന്ന് ആരോപിച്ചാണ് കുമ്മനം ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ വയലില്‍ പണിയെടുത്താന്‍ വരമ്പത്ത് കൂലി ലഭിക്കുമെന്ന് ആര്‍എസ്എസും ബിജെപിയും തിരിച്ചറിയണം എന്നായിരുന്നു പിണറായിയുടെ പ്രസംഗം. സ്വയരക്ഷയ്ക്കുള്ള അവകാശത്തെക്കുറിച്ചാണ് സൂചിപ്പിച്ചതെന്നും ആക്രമിക്കാന്‍ വരുന്നവരെ തിരിച്ചാക്രമിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു പ്രസംഗത്തിന് നേരത്തേ കോടിയേരി സ്വീകരിച്ച ന്യായീകരണം.