Connect with us

Kerala

സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങളില്‍ കൂടുതലും ശാരീരിക പീഡനമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഗാര്‍ഹിക പീഡനങ്ങളില്‍ കൂടുതലും ശാരീരിക പീഡനങ്ങള്‍. സംസ്ഥാന സാമൂഹിക കേഷേമ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളുടെ 2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന 6051 കേസുകളില്‍ 4940 ശാരീരിക പീഡനവും 1011 ലൈംഗിക പീഡനങ്ങളുമാണ്.

തിരുവനന്തപുരം ജില്ലയില്‍ 2015-16 സാമ്പത്തിക വര്‍ഷം 967 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 304 എണ്ണം കൗണ്‍സിലിംഗിലൂടെ പരിഹരിച്ചു. 194 എണ്ണത്തില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. കൊല്ലത്ത് റിപ്പോര്‍ട്ട് ചെയ്ത 461 കേസുകളില്‍ 242 എണ്ണം കൗണ്‍സിലിംഗിലൂടെ പരിഹരിക്കുകയും 83 എണ്ണത്തില്‍ എഫ് ഐ ആര്‍ സമര്‍പ്പിക്കുകയും ചെയ്തു.
മറ്റ് ജില്ലകളിലെ കേസുകളും കൗണ്‍സിലിംഗിലൂടെ പരിഹരിച്ചവയും (എഫ് ഐ ആര്‍ സമര്‍പ്പിച്ചവ ബ്രാക്കറ്റില്‍)

പത്തനംതിട്ട: 253- 93(56), ആലപ്പുഴ: 264-56(40), കോട്ടയം: 384-241(32), ഇടുക്കി: 593-423(66), എറണാകുളം: 540-252(93), തൃശൂര്‍: 447- 283(76), പാലക്കാട്: 435-10 2(40), മലപ്പുറം: 204-98(24), കോഴിക്കോട്: 517-167(70), വയനാട്: 330-129(73), കണ്ണൂര്‍: 450-327(101), കാസര്‍കോട്: 206-70(75)
ആകെ 2787 കേസുകളാണ് കൗണ്‍സിലിംഗിലുടെ പരിഹരിക്കപ്പെട്ടത്. 1023 കേസുകളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 39 ശതമാനം കേസുകള്‍ മദ്യം , മയക്കു മരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവക്ക് അടിപ്പെട്ടതിനെതുടര്‍ന്നുണ്ടായ പീഡനങ്ങളാണ്. സ്ത്രീധന വിഷയത്തില്‍ പീഡനങ്ങള്‍ 13 ശതമാനം വരും . വിവാഹേതര ബന്ധങ്ങളെത്തുടര്‍ന്ന് 18 ശതമാനവും മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ വഴിയുള്ള പ്രശ്‌നങ്ങളില്‍ 15 ശതമാനവും കേസുകളാണ്് ഉണ്ടായിട്ടുള്ളത്. മറ്റ് കാരണങ്ങള്‍ കൊണ്ട് 15 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തലസ്ഥാന ജില്ലയിലാണ്. മദ്യം മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ കാരണം 500 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ത്രീധന വിഷയത്തില്‍ 134 ഉം വിവാഹേതര ബന്ധങ്ങളില്‍ 228ഉം മൊബൈല്‍ഫോണ്‍, സോഷ്യല്‍ മീഡിയ പ്രശ്‌നങ്ങളില്‍ 215 ഉം മറ്റ് കാരണങ്ങളില്‍ 180 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മദ്യം മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ കാരണമുണ്ടായ കേസുകളില്‍ രണ്ടാം സ്ഥാനത്ത് കണ്ണൂര്‍ ജില്ലയാണ്. 230 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ത്രീധന വിഷയത്തില്‍ 88 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പാലക്കാടാണ് രണ്ടാമത്. വിവാഹേതര ബന്ധങ്ങളില്‍ 122 ഉം മൊബൈല്‍ ഫോണ്‍ സോഷ്യല്‍ മീഡിയ വിഷയങ്ങളില്‍ 115 കേസുകളും റിപ്പോര്‍ട്ട് ചെയ്ത് രണ്ടാമത് നില്‍ക്കുന്നത് ഇടുക്കിയാണ്. മറ്റ് കാരണങ്ങള്‍ കൊണ്ടുള്ള കേസുകളില്‍ രണ്ടാം സ്ഥാനത്ത് ഇടുക്കിയും എറണാകുളവുമാണ്. 144 കേസുകള്‍ വീതമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.