കേരള ടൂറിസത്തിന് 12 ദേശീയ അവാര്‍ഡുകള്‍

Posted on: July 31, 2016 12:16 pm | Last updated: July 31, 2016 at 12:16 pm
SHARE

ന്യൂഡല്‍ഹി: വിനോദസഞ്ചാര വിപണന മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് അവാര്‍ഡുകളില്‍ പകുതിയും കേരളം സ്വന്തമാക്കി. അവാര്‍ഡുകള്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ലോക്‌സഭാ സ്പീക്കര്‍ ശ്രീമതി സുമിത്ര മഹാജനില്‍ നിന്നും കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ ഏറ്റുവാങ്ങി.

ടൂറിസം വിപണന, പ്രസിദ്ധീകരണ വിഭാഗങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെച്ചിരുന്ന അവാര്‍ഡുകളിലാണ് പകുതിയും കേരളം സ്വന്തമാക്കിയത്. ഇതിനുപുറമെ ഉത്തരവാദിത്ത ടൂറിസത്തിലേതുള്‍പ്പെടെ രണ്ട് അവാര്‍ഡുകളും കേരളത്തിലെ ടൂര്‍ ഓപറേറ്റര്‍മാരും ഹോട്ടലുകളും ഒരു ആയുര്‍വേദ സെന്ററും നേടിയ ഏഴ് അവാര്‍ഡുകളും ചേര്‍ന്ന് കേരളത്തിന്റെ മൊത്തം അവാര്‍ഡു ളുടെ എണ്ണം 12 ആക്കി അതുല്യമായ പ്രകടനം കാഴ്ചവെച്ചു.

മികച്ച പഞ്ച നക്ഷത്ര ഹോട്ടലിനും പൈതൃക വിവരസാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗത്തിനുമുള്ള അവാര്‍ഡും കേരള ടൂറിസത്തിനാണ് (സോഷ്യല്‍ മീഡിയ-മൊബൈല്‍ ആപ് വിഭാഗം).
ഗ്രാമീണ ടൂറിസം വിഭാഗത്തിലെ അവാര്‍ഡ് കോഴിക്കോട്ടെ ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിനാണ്. രാജ്യത്ത് നവീനമായ ടൂറിസം ഉത്പന്നമായി ശ്രദ്ധ നേടിയ ഉത്തരവാദിത്ത ടൂറിസത്തിന് ലഭിച്ച ഈ അംഗീകാരങ്ങള്‍ ഹൃദ്യവും പ്രോത്സാഹന ജനകവുമാണെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കേരളത്തിന്റെ ശതാബ്ദങ്ങള്‍ നീണ്ട ബഹുസ്വരതയുടെ കഥ പറയുന്ന ‘കേരള ആന്‍ഡ് ദ സ്‌പൈസ് റൂട്ട്‌സ്’ എന്ന കോഫി ടേബിള്‍ ബുക്ക് മി കച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണമായി തെരഞ്ഞെടുക്കപ്പെട്ടു.