Connect with us

Kozhikode

സ്വാതന്ത്ര്യ ദിനത്തില്‍ എസ് വൈ എസ് ദേശരക്ഷാവലയം തീര്‍ക്കും

Published

|

Last Updated

മുക്കം: യുവാക്കളില്‍ ധാര്‍മികമായ സംസ്‌കാരവും ദേശീയ ബോധവും വളര്‍ത്താനുള്ള കര്‍മ പദ്ധതികള്‍ക്ക് എപെക്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന ദ്വിദിന എസ് വൈ എസ് സംസ്ഥാന പഠന ക്യാമ്പ് “പണിപ്പുര” അന്തിമരൂപം നല്‍കി. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തില്‍ യുവാക്കളെ അണിനിരത്തി ജില്ലാ തലങ്ങളില്‍ ദേശ രക്ഷാവലയം സൃഷ്ടിക്കും.

വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, തൊഴില്‍, സാമ്പത്തിക അച്ചടക്കം തുടങ്ങിയ മേഖലകളില്‍ യുവാക്കള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതിനാവശ്യമായ തരത്തില്‍ എസ് വൈ എസ് സംസ്ഥാന സര്‍ക്കാരിന് നയരേഖ തയ്യാറാക്കി സമര്‍പ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിനും അഴിമതി, ചൂഷണം, അനീതി തുടങ്ങിയവക്കെതിരെയും യുവ സമൂഹത്തെ സജ്ജമാക്കാനും പഠന ക്യാമ്പ് തീരുമാനിച്ചു.
യുവജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി 144 ക്യാമ്പ് അംഗങ്ങള്‍ നടത്തിയ അന്വേഷണ, പഠന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പില്‍ ചര്‍ച്ചകള്‍ നടന്നത്. ക്യാമ്പിലെ നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സി എച്ച് റഹ്മത്തുല്ല സഖാഫി ചെയര്‍മാനും എം മുഹമ്മദ് സ്വാദിഖ് കണ്‍വീനറുമായ സമിതിയെ ചുമതലപ്പെടുത്തി.

വിവിധ സെഷനുകള്‍ക്കും ചര്‍ച്ചകള്‍ക്കും എം പി എം ബഷീര്‍ ഫൈസി വെണ്ണക്കോട്, എന്‍ അലി അബ്ദുല്ല, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മജീദ് കക്കാട്, സി എച്ച് റഹ്മത്തുല്ല സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, മുഹമ്മദ് പറവൂര്‍, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് നേതൃത്വം നല്‍കി. വൈകുന്നേരം 4.30 ന് നടന്ന സമാപന സെഷന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.

Latest