Connect with us

International

ഹിലാരി ക്ലിന്റന്റെ പ്രചാരണ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹിലാരി ക്ലിന്റന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു.റഷ്യയിലെ ഇന്റലിജന്‍സ് സര്‍വീസുകളാണ് ഇതിന് പിന്നിലെന്ന് ഡെമോക്രറ്റിക് പാര്‍ട്ടിയുടെ ഇന്റലിജന്‍സ് അധികൃതര്‍ ആരോപിച്ചു.

കമ്പ്യൂട്ടറുകളില്‍ ഹാക്കിംഗ് നടന്നതായി ഡെമോക്രാറ്റിക് കോണ്‍ഗ്രഷണല്‍ ക്യാമ്പയിന്‍ കമ്മിറ്റിയാണ് സ്ഥിരീകരിച്ചത്. ഹിലാരിയുടെ പ്രചരണത്തിന് വേണ്ടി പണം സ്വരൂപിക്കുന്നതും ഈ കമ്മിറ്റിയാണ്. വോട്ടര്‍മാരുമായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബന്ധം സംബന്ധിച്ചും സാമ്പത്തിക വിവരങ്ങളും ഈ കമ്പ്യൂട്ടറിന്റെ ഡേറ്റാബേസിലാണ് സൂക്ഷിക്കുന്നത്. ഹാക്കിംഗ് നടന്നതായി അറിഞ്ഞയുടന്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കമ്മിറ്റി വക്താവ് പറഞ്ഞു. ഫിലാഡല്‍ഫിയയില്‍ കഴിഞ്ഞയാഴ്ച നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ ഹിലാരിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപച്ചതിന് പിന്നാലെയാണ് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തുവെന്ന വാര്‍ത്ത പുറത്തു വരുന്നത്.

കഴിഞ്ഞയാഴ്ച പാര്‍ട്ടിയുടെ ഇരുപതിനായിരത്തോളം ഇ മെയില്‍ സന്ദേശങ്ങള്‍ വിക്കിലീക്‌സ് പുറത്ത് വിട്ടത് നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നില്‍ ട്രംപാണെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചിരുന്നു. പ്രചാരണത്തിനായി ഹിലാരി ഉപയോഗിച്ചിരുന്ന അനലിറ്റിക്കല്‍ പ്രോഗ്രാമുകളിലാണ് ഹാക്കര്‍മാര്‍ കടന്നു കയറിയത്. ഹിലരിയുടെ ആഭ്യന്തര കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കയറിപ്പറ്റാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹിലാരി ക്ലിന്റന്റെ വക്താവ് നിക്ക് മെറില്‍ പറഞ്ഞു. സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ഇവ പരിശോധിച്ചു വരികയാണ്. ആഭ്യന്തര കമ്പ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് പ്രസ്താവനയിലുണ്ട്. വിഷയം ഗൗരവമായി എടുക്കുമെന്നും എഫ് ബി ഐ പറഞ്ഞു.

വോട്ടമാരെ കുറിച്ചുള്ള വിവരങ്ങള്‍ ഡേറ്റാബേസില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ സാമൂഹ്യ സുരക്ഷാ നമ്പറുകളോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ ഇതില്‍ സൂക്ഷിക്കുന്നില്ല. ക്യാമ്പയിന്‍ സംബന്ധിച്ച ഇമെയില്‍ വിവരങ്ങളോ, ശബ്ദ സന്ദേശങ്ങളോ തുടങ്ങിയവയും ചോര്‍ന്നിട്ടില്ല. ഹാക്കിംഗിന്റെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്.അതേസമയം പ്രാചാരണ പേജ് ഹാക്ക് ചെയ്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസ്താവനയിറക്കി. ഹിലാരി ക്ലിന്റണ്‍ പോകുന്നിടത്തെല്ലാം പ്രശ്‌നങ്ങളാണ് എന്നതിന് തെളിവാണിത്. അമേരിക്കന്‍ ജനതയെ കുറിക്കുന്ന വിവരങ്ങളും രഹസ്യങ്ങളും പരസ്യപ്പെടുത്തുകയാണിവര്‍ ഇവര്‍ ചെയ്യുന്നതെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാസണ്‍ മില്ലര്‍ പറഞ്ഞു.

റഷ്യന്‍ ഹാക്കര്‍മാരായ കോസി ബിയര്‍ ആന്‍ഡ് ഫാന്‍സി ബിയര്‍ എന്ന ഹാക്കിംഗ് സ്ഥാപനം കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൈറ്റ് ഹാക്ക് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച വിക്കി ലീക്‌സ് പുറത്തുവിട്ട 20,000 ഇ മെയിലുകള്‍ ഇവര്‍ നല്‍കിയതെന്നാണ് വിവരം. എന്നാല്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇത് നിഷേധിച്ചിരുന്നു. സംഭവത്തില്‍ യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ അന്വേഷണം തുടങ്ങി.

---- facebook comment plugin here -----

Latest