Connect with us

Kannur

ലോകത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് അറിവും സംസ്‌കാരവും: ഖലീല്‍ തങ്ങള്‍

Published

|

Last Updated

കണ്ണൂര്‍: ആയുധബലമോ, അംഗബലമോ കൊണ്ടല്ല അറിവും സംസ്‌കാരവും കൊണ്ടാണ് ലോകത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അതിന് ചരിത്ര സംഭവങ്ങള്‍ സാക്ഷിയാണെന്നും എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി പ്രസ്താവിച്ചു.

ആനന്ദകരമായ മദ്‌റസ വിദ്യാഭ്യാസം എന്ന പ്രമേയത്തില്‍ എസ് എം എ നടത്തുന്ന ക്യാമ്പയിന്റെ സംസ്ഥാനതല പ്രഖ്യാപനം കണ്ണൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് കഴിഞ്ഞകാല പണ്ഡിതരും മുഅല്ലിമീങ്ങളും ചെയ്ത ത്യാഗം അവസ്മരണീയമാണ്. അവര്‍ കാണിച്ച പാതയില്‍ ഇന്ന് മദ്‌റസാ പഠന രംഗത്ത് കാലോചിതമായ മാറ്റം ആവശ്യമാണ്. പരസ്പര സഹകരണത്തോടെയും പരിശ്രമത്തോടെയും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം.

ഇന്നത്തെ മദ്‌റസാ പഠനം ആകര്‍ഷകമാക്കാന്‍ മാനേജ്‌മെന്റ് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണം. അതിന് ആവശ്യമായ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തണം. മദ്‌റസാ നവീകരണത്തിന് ക്രിയാത്മകമായ ഇടപെടലുകളാണ് ആവശ്യം.
ചുരുങ്ങിയ ചെലവില്‍ ഹൈജീനിക് ക്യാമ്പസുകളായി മദ്‌റസകളെ മാറ്റാന്‍ സാധിക്കും. വിദ്യാര്‍ഥി സൗഹൃദ പഠന പ്രക്രിയക്കാണ് അധ്യാപകര്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും ഖലീല്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Latest