Connect with us

National

പഠാന്‍കോട്ട്: പാക് പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യക്ക് അമേരിക്ക കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി:പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറി. ആക്രമണം ആസൂത്രണം ചെയ്തതിന് പിന്നില്‍ പാക്കിസ്ഥാനാണെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ഉള്‍പ്പെടെ പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് നേരിട്ട് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന രേഖകളാണ് ഇന്ത്യക്ക് നല്‍കിയത്.

പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ വാദത്തിന് കൂടുതല്‍ കരുത്തേകുന്നതാണ് അമേരിക്ക നല്‍കിയ വിവരങ്ങള്‍. ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സിക്കാണ് (എന്‍ ഐ എ) വിവരങ്ങള്‍ കൈമാറിയത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള നാസിര്‍ ഹുസൈന്‍, ഗുജ്രന്‍വാല സ്വദേശി അബൂബക്കര്‍, സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഖയ്യൂം എന്നിവരുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ നടത്തിയ ഇന്റര്‍നെറ്റ് സംഭാഷങ്ങളുടെ പൂര്‍ണവിവരങ്ങളാണ് പ്രധാനമായും രേഖയിലുള്ളത്.
ഭീകരാക്രമണത്തിനായി പഞ്ചാബില്‍ കടന്ന് പോലീസ് സൂപ്രണ്ടായ സല്‍വീന്ദര്‍ സിംഗിനെ ആക്രമിച്ചതിന് ശേഷം ഭീകരര്‍ ബന്ധപ്പെട്ടത് കാഷിഫ് ജാനിനെയാണെന്നാണ് രേഖകള്‍ പറയുന്നത്. പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ മറ്റ് അനുയായികളുമായി കാഷിഫ് വിവിധ സമയങ്ങളിലായി നടത്തിയ സംഭാഷങ്ങളുടെ വിവരങ്ങളും കൈമാറിയവയിലുണ്ട്.