ഗോവധ നിരോധം ആറ് മാസത്തിനകം നടപ്പാക്കണമെന്ന് ഹിമാചല്‍ ഹൈക്കോടതി

Posted on: July 31, 2016 1:11 am | Last updated: July 31, 2016 at 12:50 pm
SHARE

ന്യൂഡല്‍ഹി:അടുത്ത ആറ് മാസത്തിനകം രാജ്യവ്യാപകമായി ഗോവധ നിരോധം നടപ്പിലാക്കണമെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഗോവധവും ഗോമാംസ കയറ്റുമതിയും ഇറക്കുമതിയും പൂര്‍ണമായും നിരോധിക്കണമെന്നാണ് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ആവശ്യം. ഗോവധം നിരോധിക്കുകയും ഗോമാംസ ഇറക്കുമതിയും കയറ്റുമതിയും തടയണമെന്നും കഴിഞ്ഞ ഒക്‌ടോബര്‍ പതിനാലിനാണ് ഹിമാചല്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടത്. ആറ് മാസത്തിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഉത്തരവിന്റെ പകര്‍പ്പ് ദേശീയ നിയമ കമ്മീഷന് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളെ പാടെ തള്ളിക്കൊണ്ടാണ് ഹിമാചല്‍ ഹൈക്കോടതിയുടെ ഉത്തരവെന്നത് ശ്രദ്ധേയമാണ്. ബീഫ് നിരോധം സംസ്ഥാനങ്ങളുടെ വിഷയമാണെന്നും ഇതില്‍ ഇടപെടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ മറികടന്നാണ് ഇപ്പോള്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.
രാജ്യത്തെ ഹൈന്ദവ വിശ്വാസികളുടെ മതവികാരം പരിഗണിച്ച് രാജ്യവ്യാപകമായി ഗോവധം നിരോധിക്കണമെന്നാണ് 71 പേജുള്ള കോടതി ഉത്തരവിലെ നിര്‍ദേശം. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ഗോവംശ് രക്ഷന്‍ സന്‍വര്‍ധന്‍ പരിഷത്ത് പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. 2015 ഒക്‌ടോബറിലെ കോടതി ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് സുരേഷ് വാര്‍ താക്കൂര്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.