മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം: തെറ്റുപറ്റിയെന്ന് ഡിജിപി; എസ് ഐക്ക് സസ്‌പെന്‍ഷന്‍

Posted on: July 30, 2016 5:26 pm | Last updated: July 31, 2016 at 12:33 pm
SHARE

Loknath-Beheraതിരുവനന്തപുരം: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ എസ്‌ഐ വിനോദ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതായി ഡിജിപി അറിയിച്ചു. എസ്‌ഐക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

സംഭവിക്കാന്‍ പാടില്ലാത്തതാണ് കോഴിക്കോട് സംഭവിച്ചത്. ചര്‍ച്ച ചെയ്ത് പരിഹരിച്ച ഒരു പ്രശ്‌നം വീണ്ടും പ്രശ്‌നമാക്കിയതിന് ന്യായീകരണമില്ല. പോലീസ് നടപടിയില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോഴിക്കോട് സംഭവത്തില്‍ എസ്‌ഐക്ക് മൂന്ന് വീഴ്ചകള്‍ സംഭവിച്ചതായി വ്യക്തമാക്കി എഡിജിപി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ പോലീസ് പ്രകോപനം ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.